മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ സന്ദർശിച്ചത്. ഡിസംബർ 4 ന് വൈകുന്നേരം അദ്ദേഹം ന്യൂദൽഹിയിൽ എത്തി, പിന്നീട് ഡിസംബർ 5 ന് രാത്രി മോസ്കോയിലേക്ക് മടങ്ങി. സന്ദർശന വേളയിൽ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി, രാഷ്‌ട്രപതി ഭവനിൽ അത്താഴം കഴിച്ചു. പുടിന്റെ സന്ദർശനത്തെക്കുറിച്ച് ഇന്ത്യയിൽ വലിയ ആവേശമുണ്ടായിരുന്നു. ദൽഹി സന്ദർശനത്തിന് ഒരു ആഴ്ച കഴിഞ്ഞ് പുടിൻ തന്റെ കൂടുതൽ അനുഭവങ്ങൾ പങ്കുവെച്ചു. ഇന്ത്യയെക്കുറിച്ച് തന്നെ ആകർഷിച്ച കാര്യങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
ന്യൂസ് 18 റിപ്പോർട്ട് പ്രകാരം ദൽഹി സന്ദർശന വേളയിൽ പുടിൻ ഇന്ത്യയിലെ വൈവിധ്യത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം ഇന്ത്യയുടെ സംസ്കാരത്തെ പ്രശംസിച്ചു. 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയിൽ വൈവിധ്യമാർന്ന ഭാഷകളും സംസ്കാരങ്ങളുമുള്ള ആളുകൾ ഉണ്ടെന്ന് കണ്ടു. ഇന്ത്യയുടെ വൈവിധ്യത്തിൽ ഏകത്വം എന്ന തത്വത്തിൽ തനിക്ക് വളരെയധികം മതിപ്പ് തോന്നിയതായും പുടിൻ പറഞ്ഞു.
ഇതിനു പുറമെ ഇന്ത്യയിൽ ഭക്ഷണവും ഭാഷയും ഓരോ പ്രദേശത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. എല്ലാവരും ഹിന്ദി സംസാരിക്കുന്നില്ല ,ഒരുപക്ഷേ 500-600 ദശലക്ഷം ആളുകൾ സംസാരിക്കും. പക്ഷേ ബാക്കിയുള്ളവർ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. ചിലപ്പോൾ അവർക്ക് പരസ്പരം മനസ്സിലാക്കാൻ പോലും കഴിയില്ല. ഇതൊക്കെയാണെങ്കിലും അവർ ഐക്യത്തിലാണ് ഇത് ലോകത്തിന് ഒരു പാഠമാണെന്നും പുടിൻ കൂട്ടിച്ചേർത്തു. ഇന്ത്യാ സന്ദർശനത്തിന് ശേഷമാണ് പുടിന്റെ പരാമർശങ്ങൾ.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പിരിമുറുക്കമുള്ള ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ പുടിന്റെ ദൽഹി സന്ദർശനം ആഗോളതലത്തിൽ വിമർശനത്തിന് വിധേയമായിരുന്നു. അതേ സമയം പുടിന്റെ ദൽഹി സന്ദർശന വേളയിൽ ഇന്ത്യയും റഷ്യയും തമ്മിൽ നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ഈ കരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം നൽകിയിട്ടുണ്ട്.
















