കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമക്കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. കത്തിലെ പരാമർശങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
കേസിന്റെ വിധി വരുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് സംഘടനയ്‌ക്ക് ഊമക്കത്ത് ലഭിച്ചുവെന്നും കത്തിലെ വിവരങ്ങള്‍ വിധിയുമായി സാമ്യമുള്ളതാണെന്നും അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി പറഞ്ഞു. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമാണ് അസോസിയേഷന്‍ പ്രസിഡന്റിന്റെ പരാതി. ജഡ്ജി ഹണി.എം.വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കുകയും, ദിലീപിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നുമാണ് ഊമക്കത്തിലുള്ളത്.
ഡിസംബർ രണ്ട് എന്ന തീയതി വെച്ചിട്ടുള്ള കത്തിൽ പൗരൻ എന്ന പേരിലാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്. ഡിസംബര്‍ 8 ന് വിധി പറയുന്ന കേസില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്,ഒമ്പതാം പ്രതി സനില്‍ കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്നും ഊമക്കത്തില്‍ പറയുന്നുവെന്നാണ് വിവരം.
ഈ ഊമക്കത്തിന്റെ നിജസ്ഥിതിയും ലക്ഷ്യവും കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും, ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗം ഇതില്‍ അന്വേഷണം നടത്തണമെന്നുമാണ് അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
















