തിരുവനന്തപുരം: ബലാത്സംഗ-ഗര്‍ഭച്ഛിദ്രക്കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കുട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെയും കൂട്ടാളികളെയും ഭയമാണെന്ന് രണ്ടാമത്തെ കേസിലെ യുവതിയുടെ മൊഴി. പ്രതികാര നടപടി ഭയന്നാണ് ഇത്രയും കാലം പരാതി നല്‍കാതിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ രണ്ടാമത്തെ ലൈംഗിക ആരോപണ കേസില്‍ യുവതിയുടെ നിര്‍ണായക മൊഴിയാണിത്. രണ്ടാമത്തെ യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തി. വിവാഹ വാഗ്ദാനം നല്‍കി അടുപ്പം സ്ഥാപിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. പ്രതികാര നടപടികളെ ഭയന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. വിവാഹ കാര്യങ്ങള്‍ സംസാരിക്കാനായി രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് താല്‍പ്പര്യമില്ലായിരുന്നെങ്കിലും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ശേഷവും രാഹുല്‍ ആലോചനയുമായി യുവതിയുടെ വീട്ടിലെത്തി. എന്നാല്‍, പിന്നീട് രാഹുലിന്റെ നിലപാടില്‍ മാറ്റം വന്നുവെന്നും വിവാഹ കാര്യത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തിയ രാഹുല്‍, വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയതായും മൊഴിയിലുണ്ട്.
രാഹുലില്‍ നിന്നും ഫെന്നി നൈനാനില്‍ നിന്നും പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് ഭയന്നതിനാലാണ് ഇത്രയും കാലം പരാതി നല്‍കാതിരുന്നത്. മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി പുറത്തുവന്നതോടെയാണ് തനിക്ക് പരാതി നല്‍കാന്‍ ധൈര്യം ലഭിച്ചതെന്നും മൊഴിയിലുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന യുവതി കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് കേരളത്തിലെത്തിയത്. കൃത്യമായ മേല്‍വിലാസമില്ലാതെ ഇ മെയില്‍ വഴിയാണ് ആദ്യപരാതി നല്‍കിയത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായാണ് മൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ വൈദ്യപരിശോധനയും പോലീസ് അതീവരഹസ്യമായി പൂര്‍ത്തിയാക്കി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഫോറന്‍സിക് സംഘത്തോടൊപ്പം പോലീസ് പീഡനം നടന്നുവെന്ന് പറയുന്ന ഹോംസ്‌റ്റേയില്‍ പരിശോധന നടത്തുമെന്നും സൂചനയുണ്ട്.













