കൊച്ചി: ആക്രമണത്തിന് പിന്നാലെ അതിജീവിത തന്റെ വീട്ടിലെത്തിയപ്പോള്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചത് താനാണെന്ന് നടനും സംവിധായകനുമായ ലാല്‍. കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് വീട്ടില്‍ എത്തിയിരുന്നു. മാര്‍ട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാല്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ലാല്‍.നടിയെ ആക്രമിച്ചവര്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ട്. കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം. ആ പെണ്‍കുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്.
ഗൂഢാലോചന സംബന്ധിച്ച് പരിമിതമായ അറിവാണ് തനിക്ക് ഉള്ളത്. അതിനാല്‍ അക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. കോടതിവിധിക്കെതിരെ മേല്‍ക്കോടതിയിലേക്ക് പോവുകയാണെങ്കില്‍ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കൂടി ഉണ്ടെങ്കില്‍ പറയാന്‍ തയാറാണ്. വിധി ശരിയോ തെറ്റോ എന്ന് പറയാന്‍ താന്‍ ആളല്ല.
വിധി പകര്‍പ്പ് പുറത്തുവരാതെ കൂടുതല്‍ പറയാന്‍ കഴിയില്ല. കുറ്റക്കാരന്‍ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യവും അറിയില്ല. വല്ലാത്ത സമാധാനക്കേടിലാണ് താനെന്നും അതിനാല്‍ നടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാല്‍ പറഞ്ഞു.
















