ശബരിമല: പ്രദേശത്ത് വന്യജീവി ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അയ്യപ്പ ഭക്തര്‍ ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തുന്നത് ഒഴിവാക്കണമെന്ന് വനംവകുപ്പ്. സന്നിധാനം സ്പെഷ്യല്‍ ഡ്യൂട്ടി റേഞ്ച് ഓഫീസാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം തന്നെ പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശമാണിതെന്ന് അദ്‌ദേഹം പറഞ്ഞു. സന്ധ്യാസമയത്ത് കുട്ടികള്‍ അടക്കം ആനകള്‍ കൂട്ടത്തോടെ ഈ ഭാഗത്ത് ഇറങ്ങുക പതിവാണ്. അവിടേക്കുള്ള വഴി ചരിഞ്ഞതും വഴുക്കലുള്ളതുമാണ്. വീണാല്‍ ഗുരുതരമായി പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നും എല്ലാവരും സഹകരിക്കണമെന്നും ഡ്യൂട്ടി റേഞ്ച് ഓഫീസര്‍ അരവിന്ദ് ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.
കാനനപാത തിരഞ്ഞെടുക്കുന്ന അയ്യപ്പന്‍മാര്‍ പാണ്ടിത്താവളത്ത് സമീപമുള്ള ഉരക്കുഴി തീര്‍ത്ഥത്തില്‍ കുളിച്ച ശേഷം സന്നിധാനത്തെത്താറുണ്ട്.
ഉരക്കുഴി ഭാഗത്ത് ചെന്ന് അപകടങ്ങളില്‍ പെടുന്നത് പതിവായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.















