തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ അധികാരം പിടിക്കുമെന്നതിൽ ആർക്കും സംശയം വേണ്ടെന്ന് ബിജെപി ദേശീയസമിതി അംഗം കുമ്മനം രാജശേഖരൻ. അഴിമതിയിലും സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിലും മുങ്ങിയ എൽഡിഎഫിനും യുഡിഎഫിനും ജനങ്ങൾക്കിടയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
45 വർഷമായി തലസ്ഥാന നഗരത്തെ തകർച്ചയിലേക്ക് നയിച്ച ഇവരുടെ ഒത്തുകളി രാഷ്‌ട്രീയം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മൂല്യാധിഷ്ഠിത രാഷ്‌ട്രീയവും മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ‘മാറാത്തത് ഇനി മാറും’ എന്ന വിശ്വാസത്തോടെ തിരുവനന്തപുരത്തെ വോട്ടർമാർ എൻഡിഎയ്‌ക്കൊപ്പം നിൽക്കും. ഈ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിൽ ഒരു വഴിത്തിരിവാകുമെന്നും കുമ്മനം പറഞ്ഞു.
ഫോർട്ട് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.
















