തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ഏഴ് ജില്ലകളിൽ പുരോഗമിക്കുന്നു. ഉച്ചയ്‌ക്ക് 12.30 വരെ 50 ലക്ഷത്തോളം പേർ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം- 37.17, കൊല്ലം- 40.92, പത്തനംതിട്ട- 39.63, ആലപ്പുഴ- 42.54, കോട്ടയം- 40.62, ഇടുക്കി- 38.9, എറണാകുളം- 42 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
നിലവിൽ സമാധാനപരമായാണ് പോളിങ് നടക്കുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. എല്ലാവർക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരം നൽകും. ആറുമണി സമയത്ത് ആരെങ്കിലും ക്യൂവിൽ ഉണ്ടെങ്കിൽ ടോക്കൺ നൽകുമെന്നും ഷാജഹാൻ അറിയിച്ചു.
കേരളത്തിൽ വോട്ടിങ് മികച്ച രീതിയിൽ മുന്നോട്ടുപോകുന്നത് നല്ല സൂചനയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. അതിനാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുന്നു എന്നും രത്തൻ ഖേൽക്കർ അറിയിച്ചു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ അറിയിച്ചു. രേഖപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ അവകാശമാണ് എന്നും അർലേക്കർ വ്യക്തമാക്കി.
എറണാകുളം ഐക്കരനാട് പാറേപ്പീടിക ഒന്നാം നമ്പർ ബൂത്തിൽ ചെ റിയ വാക്കേറ്റമുണ്ടായി. ട്വൻ്റി 20യുടെ സ്ഥാനാർഥി വോട്ടർമാരെ ബൂത്തിന് മുന്നിൽ വച്ച് അഭിവാദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇത് ചോദ്യം ചെയ്ത ബിജെപി പ്രവർത്തകർക്ക് നേരെ ട്വൻ്റി 20 പ്രവർത്തകർ അക്രമവുമായി എത്തുകയായിരുന്നു. രാവിലെ മുതൽ ട്വൻ്റി 20 പ്രവർത്തകർ ബൂത്തിന് മുന്നിൽ തന്നെയായിരുന്നെന്നും ബിജെപി ആരോപിച്ചു.
കൊല്ലം പത്തനാപുരം ബ്ലോക്ക് ഡിവിഷനിൽ വോട്ടിംഗ് മെഷീൻ മാറിയത് ചെറിയ ആശയ കുഴപ്പത്തിനിടയക്കി. പട്ടാഴി പാണിത്തറ ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷീൻ ആണ് എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂർ ബ്ലോക്ക് ഡിവിഷന്റെ വോട്ടിംഗ് മെഷീനാണ് എത്തിയത്. പിന്നീട് വോട്ടിംഗ് മെഷീൻ തിരിച്ചെത്തിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി.
















