കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ആസിഫ് അലിയുടെ പ്രതികരണം. കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്‌ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തന്റേത് എന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. ‘പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. ഞാന്‍ എപ്പോളും അതിജീവിതയ്‌ക്കൊപ്പമാണെന്നും ദിലീപിന്റെ അധികാര കേന്ദ്രങ്ങളിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അഭിപ്രായം പറയാനുള്ള ആളല്ല താനെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആസിഫ് അലിയുടെ പ്രതികരണം.
എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കേണ്ട വിഷയം കൂടിയാണിത്. പല തരത്തിലും വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒരു ടോപ്പിക്കാണിത്. പറയുന്നത് കൃത്യതയോടെ പറയണം. പല അഭിപ്രായങ്ങളും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം സോഷ്യൽ മീഡിയ ആക്രമണത്തിലേക്കെല്ലാം പോയിട്ടുണ്ട്. പറയാനുള്ളത് കൃത്യമായി മനസ്സിലാക്കി സംസാരിക്കണമെന്നും ആസിഫ് അലി പറഞ്ഞു.
കേസില്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടത്. ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെ വെറുതെ വിട്ടു.
















