പമ്പ: തിങ്കളാഴ്ച വൈകിട്ട് നാല് മണി വരെ 73,679 പേർ അയ്യപ്പദർശനം നടത്തിയതോടെ ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് ഗണ്യമായി വർധിച്ചു. ഇതോടൊപ്പം, പുല്ലുമേട് വഴിയുള്ള കാനനപാതയിലൂടെ സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി.
ഭക്തരുടെ തിരക്ക് ഏറിയ സാഹചര്യത്തിൽ, കാനനപാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പുല്ലുമേട് വഴി സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തർക്ക് പതിനെട്ടാം പടി ചവിട്ടുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡും പോലീസും ചേർന്ന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വാവർ സ്വാമി നടയ്‌ക്ക് മുന്നിലൂടെ ആഴിക്ക് സമീപമുള്ള ആൽമരത്തിനരികിലൂടെ പ്രവേശിച്ച് ഇവർക്ക് പതിനെട്ടാം പടി ചവിട്ടാൻ സാധിക്കും.
അതേസമയം, കാനനപാതയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് എ.ഡി.എം നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്‌ക്കൽ-പമ്പ റൂട്ട് വഴി സന്നിധാനത്ത് എത്തണം.
















