ആലപ്പുഴ: നിയമാനുസരണം നല്‍കേണ്ട ഫണ്ട് പോലും അനുവദിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതായി വിമര്‍ശനം. സര്‍ക്കാരിന്റെ കടുംവെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാവസ്ഥയെ തകര്‍ത്തു.
ഇതോടെ അടിസ്ഥാന മേഖലകളിലെ വികസനം മുരടിച്ചു. സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്കു പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറു കോര്‍പ്പറേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ സംസ്ഥാന വികസന പദ്ധതികള്‍ക്കായി വകയിരുത്തുന്ന തുകയുടെ 27.5 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നാണ് നിയമപരമായ വ്യവസ്ഥ.
2025-26 വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാന വികസന പദ്ധതികള്‍ക്കായി 42,653.71 കോടി വകയിരുത്തിയിട്ടുണ്ട്. അതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട തുക 11,729.85 കോടി ആയിരുന്നു. എന്നാല്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത് വെറും 9,215.20 കോടി മാത്രം. അതായത് പദ്ധതി വിഹിതത്തില്‍ 2,514.65 കോടി രൂപയുടെ കുറവ് വന്നു. മാത്രമല്ല, ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ അനുവദിച്ചത് വെറും 3,200 കോടി മാത്രമാണെന്നാണ് ആക്ഷേപം. നിയമാനുസരണം ലഭിക്കേണ്ട വിഹിതം ബജറ്റില്‍ തന്നെ പൂര്‍ണ്ണമായി അനുവദിക്കാത്തതും, അനുവദിച്ചതുപോലും നല്‍കാത്തതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാണ്.
ആവശ്യമായ ഫണ്ട് ലഭ്യമാകാത്തതിനാല്‍ നിരവധി റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായി. കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളും പ്രൈമറി ഹെല്‍ത്ത് സെന്ററുകളും മറ്റ് ആശുപത്രികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ളതിനാല്‍, അവിടെയുള്ള നവീകരണ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങി.
















