ന്യൂദല്‍ഹി: ‘വന്ദേമാതര’ത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെ ചരിത്രപരമായ പ്രത്യേക ചര്‍ച്ചയ്‌ക്ക് ഇന്ന് ലോക്സഭയില്‍ തുടക്കമാകും. ഉച്ചയ്‌ക്ക് 12 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയ്‌ക്ക് തുടക്കമിടും.
വന്ദേമാതരത്തിന്റെ ചരിത്രപ്രാധാന്യവും, സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ അത് ചെലുത്തിയ സ്വാധീനവും, ഗാനവുമായി ബന്ധപ്പെട്ട അധികമാരും അറിയാത്ത വസ്തുതകളും വിശദമായി ചര്‍ച്ച ചെയ്യും. പത്ത് മണിക്കൂറാണ് ലോക്സഭയിലെ ചര്‍ച്ച. ചര്‍ച്ചയുടെ സമാപനത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മറുപടി പ്രസംഗം നടത്തും.
ചൊവ്വാഴ്ച രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ചര്‍ച്ചയ്‌ക്ക് തുടക്കമിടുക. ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ നേതൃത്വം നല്‍കും. പ്രിയങ്ക ഗാന്ധി വദ്ര, ഗൗരവ് ഗൊഗോയ് എന്നിവരുള്‍പ്പെടെ എട്ട് നേതാക്കള്‍ സംസാരിക്കും.
ബങ്കിംചന്ദ്ര ചാറ്റര്‍ജി 1875 നവംബര്‍ 7-നാണ് വന്ദേമാതരം രചിച്ചത്. 1882ല്‍ അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ ‘ആനന്ദമഠ’ത്തില്‍ ഇത് ഉള്‍പ്പെടുത്തി. 1896ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ രവീന്ദ്രനാഥ് ടാഗോര്‍ ആലപിച്ചതോടെയാണ് ദേശീയശ്രദ്ധ നേടിയത്. 1937ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ദേശീയഗീതമായി അംഗീകരിക്കുകയും ബാക്കിയുള്ളവ ഒഴിവാക്കുകയും ചെയ്തിരുന്നു.
















