കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ ഇനി രണ്ടു ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ ദിലീപിനെതിരെ കൂടുതൽ കണ്ടെത്തലുകളാണ് പോലീസ് റിപ്പോർട്ടിൽ. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് വരുത്തി തീർക്കാനും അന്വേഷണം അട്ടിമറിക്കുന്നതിനും വേണ്ടി നടൻ ദിലീപ് വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ദിലീപിനെ പൂട്ടണം എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നിൽ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മഞ്ജു വാര്യരുടെയും, എഡിജിപി ബി.സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ്.
ഗൂഢാലോചനയ്‌ക്ക് കൂടുതൽ വിശ്വാസത നൽകുന്നതിന് വേണ്ടി മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യരുടെ പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും. അത് ഗ്രൂപ്പിൽ ഉൾപ്പെടുത്തി ആ പ്രൊഫൈലിലൂടെ തനിക്ക് അനുകൂലമാകുന്ന തരത്തിൽ സന്ദേശങ്ങൾ അയക്കുകയും ചെയ്തു. കേസിൽ താൻ നിരപരാധിയാണെന്നും ഉന്നതല്ലാ ഗൂഢാലോചനയുടെ ഫലമായി അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്നും സ്ഥാപിക്കാനുള്ള നടന്റെ ആസൂത്രിത നീക്കം ആയിരുന്നു ഇത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇതിനുപുറമേ കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയുടെ പേരും ഗ്രൂപ്പിൽ ഉൾപ്പെടുത്തി. സമൂഹത്തിലെ ഉന്നത വ്യക്തികൾ തനിക്കെതിരെ ഗൂഢാലോചന നടത്തുന്ന എന്ന പ്രതീതി സൃഷ്ടിച്ച് ഈ വാട്സാപ്പ് ഗ്രൂപ്പ് ഒരു തെളിവായി അവതരിപ്പിക്കുകയായിരുന്നു ദിലീപ് ലക്ഷ്യമിട്ടത്.
താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
പരസ്പരം ചാറ്റ് ചെയ്യുന്ന തരത്തിലുള്ള സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങൾ ദിലാപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് കണ്ടെത്തൽ. ഇതിൽ സ്‌ക്രീൻഷോട്ട് സഹിതമുള്ള തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ നാളെയാണ് വിധി വരുന്നത്. ഏഴര വർഷത്തെ വിചാരണയ്‌ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. കേസിൽ ആകെ 10 പ്രതികൾ.
















