കാര്‍ത്തികപുരം: ലഡാക്കില്‍ തെരഞ്ഞെടുപ്പ് യുദ്ധം മുറുകി. പേരു കൊണ്ട് ശ്രദ്ധേയമായ ഈ മണ്ഡലത്തില്‍ താമര വിരിയിക്കാനുറച്ച് ആനിയമ്മ ടീച്ചര്‍.
ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡാണ് ലഡാക്ക്. കണ്ണൂര്‍ ജില്ലയുടെ വടക്കു കിഴക്കുഭാഗത്ത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമ പഞ്ചായത്താണ് ഉദയഗിരി. ഉദയഗിരി പഞ്ചായത്തില്‍ കാര്‍ത്തികപുരം ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് ലഡാക്ക് വാര്‍ഡ്. ബിജെപിയുടെ വനിതാ നേതാവായ ആനിയമ്മ ടീച്ചറാണ് എന്‍ഡിഎയുടെ പോരാളി.
കാര്‍ത്തികപുരം സ്വദേശിയായ ആനിയമ്മ ടീച്ചര്‍ ബിജെപി സംസ്ഥാന സമിതിയംഗമാണ്. മികച്ച പ്രാസംഗികയാണ്. നാലു പതിറ്റാണ്ടിലേറെയായി ബിജെപിയുടെ നേതൃനിരയിലുണ്ട്. കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ടീച്ചര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു. ഉത്തരേന്ത്യയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപകനായ കെ.ആര്‍. രാജേന്ദ്രനാണ് ഭര്‍ത്താവ്.
കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഉദയഗിരി പഞ്ചായത്ത് നിലവില്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. യുഡിഎഫിലെ സൗദത്തും എല്‍ഡിഎഫിന്റെ സിമി ജോസഫുമാണ് ആനിയമ്മ ടീച്ചറിന്റെ എതിരാളികള്‍.
പേരു വന്നതിങ്ങനെ
കശ്മീരിലെ ലഡാക്കുമായി ബന്ധപ്പെട്ടാണ് ഉദയഗിരി പഞ്ചായത്തിലും ലഡാക്ക് എന്ന സ്ഥലനാമം ഉണ്ടായത്. 1950-60 കളില്‍ ജമ്മു കശ്മീരിലെ ലഡാക്കില്‍ ചൈനയുമായുണ്ടായ സംഘര്‍ഷക്കാലത്ത്, ഈ പ്രദേശത്ത് തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റക്കാലമായിരുന്നു. മലയോര പ്രദേശമായ ആലക്കോടും പരിസര പ്രദേശങ്ങളും കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രമായിരുന്നു. ആലക്കോട് ഭാഗത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന ചപ്പാരപ്പടവിലെ അസൈനാര്‍ ഹാജിയും കുടിയേറ്റക്കാരായ കര്‍ഷകരും തമ്മില്‍ ഭൂമി സംബന്ധിച്ചുണ്ടായ തര്‍ക്കമുണ്ടായി. ഇടപെടാന്‍ അസൈനാര്‍ ഹാജി മലപ്പുറം ഭാഗത്ത് നിന്നും കായികശേഷിയുള്ള മുസ്ലിം ചെറുപ്പക്കാരെ കൊണ്ടുവന്നു.
കുടിയേറ്റക്കാരും അസൈനാര്‍ ഹാജിയുടെ സംഘവും ഏറ്റുമുട്ടുന്ന അവസ്ഥ ഉണ്ടായി. ഈ ഏറ്റുമുട്ടലുകള്‍ കാണാനിടയായ ഇതുവഴി കടന്നുപോയ മറുനാട്ടുകാരനായ വഴിപോക്കന്‍ ‘ ഇതെന്താ ‘ലഡാക്കാ’ണോയെന്ന് ചോദിച്ചുവത്രെ! അങ്ങനെ ഈ സ്ഥലത്തിനു ലഡാക്ക് എന്ന പേരു വീണു.















