തിരുവനന്തപുരം: കോവളം ജംഗ്ഷന് സമീപം ബൈപ്പാസിൽ ടയർ പഞ്ചറായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര, പെരുമ്പഴുതൂർ സ്വദേശി വി.പി. വിനീഷ് (28) ആണ് അപകടത്തിൽ മരിച്ചത്. കോവളം ട്രാഫിക് സിഗ്നലിന് ശേഷമുള്ള സ്ഥലത്തായിരുന്നു അപകടം ഉണ്ടായത്. സിമൻ്റ് കയറ്റി തമിഴ്നാട്ടിൽ നിന്നെത്തിയ ലോറി റോഡിന്റെ വശത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.
സ്വകാര്യ നിർമാണ കമ്പനിയിലെ സൂപ്പർവൈസറായി ജോലി ചെയ്യുന്ന വിനീഷ് പെരുമ്പഴുതൂരിൽ നിന്ന് ചാക്ക ഭാഗത്തേക്ക് പോകുമ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിയുടെ പിന്നിൽ ഇടിച്ചുകയറിയത്. ലോറിയുടെ അടിയിലേക്ക് തെറിച്ചുവീണ വിനീഷിനെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
















