മണ്ഡല-മകരവിളക്ക്കാലത്ത് ദേശാന്തരങ്ങളെ ഭക്തിപ്രകര്‍ഷത്താല്‍ പ്രഭാമയമാക്കുന്ന കൂട്ടായ്‌മയുടെ അനുഷ്ഠാനവും ആഘോഷവുമാണ് അയ്യപ്പന്‍വിളക്ക്.
വിശാലമായ പന്തലകത്ത്‌വാഴപ്പോളയുംകുരുത്തോലയുംകൊണ്ട് പണിതുണ്ടാക്കുന്ന അമ്പലങ്ങള്‍, ചുറ്റിലുംതെളിക്കുന്ന എണ്ണവിളക്കുകള്‍, കോമരങ്ങളുടെ നൃത്തം, വാദ്യമേളങ്ങള്‍, ഉടുക്കുപാട്ട്, എഴുന്നള്ളിപ്പ്, പള്ളിവേട്ട, തിരിയുഴിച്ചില്‍, കനലാട്ടംഎന്നിങ്ങനെ സ്വാമി ഭക്തരുടെയുംദേശക്കാരുടെയും നിറസാന്നിധ്യത്തില്‍ 24 മണിക്കൂര്‍ നീളുന്ന വിപുലമായ അനുഷ്ഠാനമാണ് അയ്യപ്പന്‍വിളക്ക്.
ജാതിഭേദമോ, ഉച്ചനീചത്വമോ ഇല്ലാതെ ഗുരു പാരമ്പര്യത്തില്‍ പുലരുന്ന വിളക്കുസംഘങ്ങളാണ് അയ്യപ്പന്‍ വിളക്കിന്റെ കര്‍മ്മികള്‍. വെയിലുകൊണ്ടധ്വാനിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ കൂട്ടായ്‌മകളാണ് ഓരോ വിളക്കുസംഘവും. പാലക്കാടും തൃശൂരും മലപ്പുറവുമടങ്ങുന്ന മധ്യകേരളത്തിലാണ് വിളക്കുസംഘങ്ങള്‍ മുഖ്യമായും കേന്ദ്രീകരിച്ചിട്ടുള്ളത്. അനുഷ്ഠാനത്തനിമയോടും, സൗന്ദര്യത്തികവോടും വിളക്കാഘോഷം വിപുലമായി നടത്തപ്പെടുന്നതും മിക്കവാറും മധ്യകേരളത്തില്‍ത്തന്നെ.
വാഴപ്പോളയും, കുരുത്തോലയും കൊണ്ട് അമ്പലങ്ങള്‍ കെട്ടിയുണ്ടാക്കലും ഉടുക്കുപാട്ടും കോമരനൃത്തവും തിരിയുഴിച്ചിലുമെല്ലാംതന്നെ ചിട്ടയാര്‍ന്ന പരിശീലനത്തിലൂടെമാത്രം സ്വായത്തമാക്കാനാവുന്ന കഴിവുകളാണ്. ഓരോ വിളക്കുസംഘവും ഇതൊക്കെ പരിശീലിക്കുന്നതും വിളക്ക് നടത്തുന്നതും പാരമ്പര്യ വഴിയില്‍ പരിചയ സമ്പന്നരും ഗുരുത്വംവിടാത്തവരുമായ വിളക്കാശാന്മാരുടെ കീഴിലാണ്.
ശബരിമല തീര്‍ത്ഥാടന കാലത്ത് വിശേഷിച്ചും മധ്യകേരളത്തില്‍ അമ്പലവട്ടങ്ങളിലും നാട്ടുതുറസ്സുകളിലും മറ്റുമായി ഓരോ ഗ്രാമത്തിലും ഒന്നിലേറെ അയ്യപ്പന്‍ വിളക്കുകള്‍ നടക്കാറുണ്ട്. നാട്ടുകാരുടെ ഉല്‍സാഹത്തില്‍ കമ്മിറ്റി രൂപീകരിച്ച് ജനങ്ങളില്‍ നിന്നും പണംസ്വരൂപിച്ച് നടത്തുന്ന ദേശവിളക്കുകള്‍, ചില വീട്ടുകാര്‍ സ്വന്തം നിലയ്‌ക്ക് വഴിപാടായി നടത്തുന്ന വീട്ടുവിളക്കുകള്‍ എന്നിങ്ങനെ രണ്ടുതരം വിളക്കുകളുണ്ട്. കെട്ടുന്ന അമ്പലങ്ങളുടെയും ആടുന്ന കോമരങ്ങളുടെയും എണ്ണം, ഉടുക്കുപാട്ടിന്റെ ദൈര്‍ഘ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി കാല്‍വിളക്ക്, അരവിളക്ക്, മുഴുവന്‍ വിളക്ക്എന്നിങ്ങനെയും തരംതിരിയ്‌ക്കാറുണ്ട്. മുഴുവന്‍ വിളക്കിന് അയ്യപ്പന്‍, മാളികപ്പുറം, ഗണപതി, കൊച്ചുകടുത്ത, വലിയകടുത്ത, കരിമലസ്വാമിവാപുരന്‍ എന്നിങ്ങനെയുള്ള മൂര്‍ത്തികള്‍ക്കായി പന്തലകത്ത് ഏഴോളം അമ്പലങ്ങള്‍ കെട്ടും. അഞ്ചോ ഏഴോ കോമരങ്ങളുമുണ്ടാവും.
അതിവിപുലമാണ് വിളക്കിന്റെചടങ്ങുകള്‍. 25 ഓളം പേരടങ്ങുന്ന വിളക്കുസംഘം പള്ളിവാളുകളും, അരമണികളും, കച്ചമണികളും, ഉടുക്കുകളുമെല്ലാമായി തലേന്നാള്‍ഉച്ചയോടെ വിളക്കു പന്തലില്‍വന്നുചേരും.
വിളക്ക് കുറിക്കുമ്പോള്‍ നല്‍കിയചാര്‍ത്തുപ്രകാരം വേണ്ടുന്നതെല്ലാം വിളക്ക് കമ്മിറ്റി ഒരുക്കിയിട്ടുണ്ടാകും. വിശാലമായ പന്തലിട്ട് നിലം ഗോമയംമെഴുകി ശുദ്ധി വരുത്തിയിട്ടുണ്ടാവകും. അമ്പലം കെട്ടാന്‍ വേണ്ടുന്ന എഴുപതിലേറെ വാഴപ്പിണ്ടികള്‍, 40 മടല്‍കുരുത്തോല, ഡസന്‍ കണക്കിനു നിലവിളക്കുകള്‍, തൂക്കുവിളക്കുകള്‍ എന്നിങ്ങനെ ഒട്ടേറെ സാധനങ്ങളുടെ ഒരുക്കൂട്ടല്‍ ഭാരിച്ച കര്‍മ്മമാണ്. അയ്യപ്പസ്വാമി അന്നദാനപ്രഭുവായതിനാല്‍ അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് വിപുലമായ അന്നദാനവും പതിവാണ്. അന്നദാനത്തിലുംവിളക്കുചടങ്ങിലും ജാതിമതാതീതമായ പങ്കാളിത്തവും ശ്രദ്ധേയമാണ്.
വിളക്കുനാള്‍ പുലരുമ്പോഴേയ്‌ക്കും പന്തലില്‍ അമ്പലങ്ങളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടാകും. വാഴപ്പോളയും കുരുത്തോലയും ചായക്കൂട്ടുകളുമായിച്ചേര്‍ത്ത് ജ്യാമിതീയകൃത്യതയോടെ പണിതീര്‍ക്കുന്ന അമ്പലങ്ങള്‍ വിളക്കുസംഘത്തിന്റെ സര്‍ഗ്ഗബോധത്തിനും കരവിരുതിനും ദൃഷ്ടാന്തമാണ്. രാവിലെ ശുഭമുഹൂര്‍ത്തത്തില്‍ പന്തലകത്തെ കോവിലുകളില്‍ അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും ഗണപതിയേയും ഇതര മൂര്‍ത്തികളെയുംകുടിയിരുത്തുന്നതോടെ വിളക്കു ചടങ്ങുകള്‍ക്ക്‌കൊടിയേറുന്നു. ഉച്ചയോടെ വിളക്ക് കൊട്ടിഅറിയിക്കുന്ന മേളവും പൂജാകര്‍മ്മങ്ങളുമുണ്ട്.
ഉച്ചയ്‌ക്ക്‌ശേഷം താലപ്പൊലിയുടെയും അയ്യപ്പന്മാരുടെ ശരണഘോഷങ്ങളുടെയും മേളവാദ്യങ്ങളുടെയും കോമരങ്ങളുടെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ്. തുടര്‍ന്ന് സന്ധ്യവിളക്ക്, ദീപാരാധന, ഭജന സങ്കീര്‍ത്തനങ്ങള്‍, തായമ്പക. പിന്നീടാണ് പ്രധാന ചടങ്ങുകളിലൊന്നായ ഉടുക്കുപാട്ട്, ഗണപതി, സരസ്വതി വന്ദനം, ശൂര്‍പ്പകന്റെ ഘോരതപസ്സ്, വരലബ്ധി എന്നിവ. തുടര്‍ന്ന് മഹാദേവനില്‍ ഭസ്മാസുരന്‍ വരശക്തി പരീക്ഷിക്കാന്‍ ഒരുമ്പെടുന്നത്, ഭയന്നൊളിച്ച മഹാദേവന്റെ രക്ഷയ്‌ക്കായി വിഷ്ണു മോഹിനീ വേഷം പൂണ്ട് ഭസ്മാസുരനെ നിഗ്രഹിക്കുന്നത്, തുടര്‍ന്ന് ശിവവിഷ്ണുമായകളുടെസംലയനത്തില്‍ ഹരിഹരസുതന്റെ തിരുജനനം, അയ്യപ്പന്റെ ജാതകം കുറിയ്‌ക്കല്‍, പുലിപ്പാലിനായുള്ള വനയാത്ര, വാപുരന്റെ ജനനം തുടങ്ങിയ കഥാഭാഗങ്ങള്‍ വിസ്തരിച്ചു പാടാറുണ്ട്. രാത്രിയിലെ ഈ ഉടുക്കുപാട്ട് നാലഞ്ചുമണിക്കൂര്‍ നീണ്ടുനില്‍ക്കും. ഇത്രയും സുദീര്‍ഘമായ പാട്ടത്രയും മനപ്പാഠമാക്കിയവരാണ് ഉടുക്കുപാട്ടുകാര്‍. പുരാണ കഥാഭാഗങ്ങള്‍ പാടുന്നതിനിടയില്‍അതതു സന്ദര്‍ഭത്തിന് ചേരുംവിധം ഭക്തരുടെ ജീവിതത്തിന് മാര്‍ഗ്ഗദര്‍ശകമായ ഗുണപാഠങ്ങളും, ചൊല്ലുകളും, തത്ത്വങ്ങളും ഉള്‍ച്ചേര്‍ത്തിട്ടുണ്ടാകും. ‘ഗര്‍ഭ വര്‍ണ്ണന’യും’ഉടല്‍കൂറു’മൊക്കെ അതില്‍പ്പെടുന്നതാണ്.
ഉടുക്കു പാട്ടിനുശേഷം പള്ളിവേട്ട, പൊലിപ്പാട്ട്, തിരിഉഴിച്ചില്‍, വെട്ടുംതടവും, കനലാട്ടം എന്നീ ചടങ്ങുകള്‍ കൂടിയുണ്ട്. നേരം പുലരുന്നേരം അയ്യപ്പനും വാപുരനും തമ്മിലുള്ള ചങ്ങാത്തം അഗ്‌നിശുദ്ധിയിലൂടെ ദൃഢപ്പെടുന്നതോടെ വിളക്കിന് ശുഭപര്യവസാനമാകുന്നു. ഭക്തരായ കാണികള്‍ക്ക് അയ്യപ്പന്‍ വിളക്ക് ഉള്ളിലെ കെടാവെളിച്ചമായി തെളിയുന്നു.















