ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്‌ച്ച നടത്തി ടിവികെ നേതാവ് വിജയ്. ഇതോടെ തമിഴ്നാട് രാഷ്‌ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ടിവികെയും കോണ്‍ഗ്രസും. ചെന്നൈയിലെ പട്ടിണമ്പാക്കം വസതിയില്‍ എത്തിയാണ് പ്രവീണ്‍ ചക്രവർത്തി വിജയ് യുമായി ആശയവിനിമയം നടത്തിയത്.
രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ചക്രവർത്തിയുടെ ഈ കൂടിക്കാഴ്ച, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ടിവികെ സഖ്യം രൂപീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിരിക്കാമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
അതേസമയം, വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ, കോണ്‍ഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി തിരുച്ചിയില്‍ കൂടിക്കാഴ്‌ച്ച നടത്തി. ഒരു സ്വകാര്യ ചടങ്ങിന് ശേഷം ഇരുവരും ഒരേ വാഹനത്തില്‍ നാല് മണിക്കൂറോളം ചർച്ച നടത്തിയതായാണ് വിവരം. എന്നാല്‍ ഡിഎംകെ ഈ കൂടിക്കാഴ്ചകളെക്കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല.
















