ന്യൂദൽഹി: പൈലറ്റുമാരുടെ ക്ഷാമം മൂലം ഇൻഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ വിമാനയാത്രക്കാരെ പിഴിയാന്‍ വിമാനക്കമ്പനികള്‍ നടത്തുന്ന ശ്രമം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. വിമാനക്കമ്പനികളെല്ലാം ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയെന്ന് യാത്രക്കാര്‍ വ്യാപകമായി പരാതിപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചത്. ഇതിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകും.
ഓരോ സര്‍വീസിന്റെയും കിലോ മീറ്റര്‍ പരിധി ഉള്‍പ്പെടുത്തി മാത്രമേ നിശ്ചിത നിരക്ക് ഈടാക്കാൻ പാടുള്ളൂവെന്നും വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കി. വിമാന യാത്രികര്‍ക്ക് ഏറെ സഹായകരമാകുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിച്ചത്.
പുതിയ ഉത്തരവ് പ്രകാരം 500 കിലോ മീറ്റര്‍ വരെയുള്ള യാത്രക്ക് പരമാവധി 7500 രൂപയും, 500 മുതല്‍ 1000 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 12,000 രൂപയും, 1000 മുതല്‍ 1500 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്‌ക്ക് 15,000 രൂപയും, 1500 കിലോ മീറ്ററിന് മുകളിലുള്ള യാത്രയ്‌ക്ക് 18,000 രൂപയും ഈടാക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇത് പരമാവധി തുകയാണ്. ഇതിന് മുകളില്‍ ടിക്കറ്റ് നിരക്ക് ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച മന്ത്രാലയം കര്‍ശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍ക്ക്. എല്ലാ വിമാനക്കമ്പനികളും ഇപ്പോൾ നിർദേശിച്ചിരിക്കുന്ന നിരക്ക് കർശനമായി പാലിക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
സ്ഥിതിഗതികൾ പൂർണമായും മെച്ചപ്പെടുന്നത് വരെ ഈ നിരക്കുകൾ പ്രാബല്യത്തിൽ തുടരും. ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ, രോഗികൾ,അടിയന്തരമായി യാത്ര ചെയ്യേണ്ട പൗരന്മാർ എന്നിവർ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നില്ലെന്ന് ഉറപ്പു വരുത്തുക തുടങ്ങിയവയാണ് ഈ നിർദേശത്തിന്റെ ലക്ഷ്യമെന്ന് പ്രസ്‌താവനയിൽ പറയുന്നു.
















