ന്യൂദൽഹി : അമേരിക്കൻ ആഗോള എഞ്ചിൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസ് അഞ്ചാമത്തെ എഫ്404-ഐഎൻ20 ജെറ്റ് എഞ്ചിൻ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎൽ)
വെള്ളിയാഴ്ച കൈമാറി. തദ്ദേശീയമായി നിർമ്മിക്കുന്ന യുദ്ധവിമാന പദ്ധതിയായ എൽസിഎ മാർക്ക്-1എയ്‌ക്ക് വേണ്ടിയാണ് ഇത് നൽകിയത്. 2021 ൽ നൽകിയ ഓർഡർ പ്രകാരം എച്ച്എഎല്ലിന് വിതരണം ചെയ്യുന്ന അഞ്ചാമത്തെ എഞ്ചിനാണിതെന്ന് കമ്പനി വക്താവ് പറഞ്ഞു.
F404-IN20 എഞ്ചിന്റെ ശക്തി
എച്ച്എഎൽ നിർമ്മിക്കുന്ന ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് എംകെ1എയ്‌ക്ക് ശക്തി പകരുന്നത് എഫ്404-ഐഎൻ20 എഞ്ചിനാണ്. മുമ്പ് ഇതേ ഓർഡറിന് കീഴിലുള്ള നാലാമത്തെ എഞ്ചിൻ 2025 ഒക്ടോബറിൽ എച്ച്എഎല്ലിന് കൈമാറിയിരുന്നു. ജിഇ എയ്‌റോസ്‌പേസിൽ നിന്ന് ആകെ 113 എഫ്404-ഐഎൻ20 എഞ്ചിനുകൾ വാങ്ങുന്നതിനായി എച്ച്എഎൽ ഒരു പ്രധാന കരാറിൽ ഒപ്പുവച്ചത്. 97 എൽസിഎ എംകെ1എ വിമാന പരിപാടി പൂർത്തിയാക്കുന്നതിനാണ് ഈ കരാർ ഉണ്ടാക്കിയിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയം കരാറിൽ ഒപ്പുവച്ചു
2025 നവംബർ 7-നാണ് കരാർ ഒപ്പിട്ടതെന്ന് എച്ച്എഎൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ചു. 2027 നും 2032 നും ഇടയിൽ എഞ്ചിൻ ഡെലിവറികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 2025 സെപ്റ്റംബറിൽ 97 എൽസിഎ എംകെ1എ വിമാനങ്ങൾക്കുള്ള കരാറിലും പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.
പൂനെ പ്ലാന്റ് വികസിപ്പിക്കുന്നതിന് 14 മില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം
ഈ വർഷം ഒക്ടോബറിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, എച്ച്എഎല്ലിന്റെ നാസിക്കിലുള്ള ആസ്ഥാനത്ത് തേജസ് എംകെ1എയുടെ മൂന്നാമത്തെ ഉൽപാദന ലൈനും എച്ച്ടിടി-40 പരിശീലന വിമാനത്തിനായുള്ള രണ്ടാമത്തെ ഉൽപാദന ലൈനും ഉദ്ഘാടനം ചെയ്തു. അതേസമയം തന്നെ ജിഇ എയ്‌റോസ്‌പേസ് അടുത്തിടെ പൂനെ പ്ലാന്റ് വികസിപ്പിക്കുന്നതിനായി 14 മില്യൺ ഡോളറിന്റെ പുതിയ നിക്ഷേപവും പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നടത്തിയ 30 മില്യൺ ഡോളറിന്റെ നിക്ഷേപത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന മൂലധന വർദ്ധനവാണിത്. ഈ നിക്ഷേപം ഉൽപാദന ശേഷി വർദ്ധിപ്പിക്കുകയും പുതിയ സാങ്കേതികവിദ്യയും ഓട്ടോമേഷനും അവതരിപ്പിക്കുകയും നൂതന എഞ്ചിൻ ഘടകങ്ങളുടെ നിർമ്മാണം ശക്തിപ്പെടുത്തുകയും ചെയ്യും.
















