കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഗുരുതര സ്വഭാവമുള്ള കാര്യങ്ങൾ ഹർജിയിലുണ്ടെന്നും അതിനാൽ വിശദവാദം കേൾക്കണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഹർജി ഈ മാസം പതിനഞ്ചിനാണ് ഇനി പരിഗണിക്കുക.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. 32 ാം ഐറ്റമായാണ് രാഹുലിന്റെ കേസ് ലിസ്റ്റുചെയ്തിരുന്നതെങ്കിലും കോടതി ചേർന്നയുടൻ രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന്റെ കാര്യം ജസ്റ്റിസ് കെ ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.
അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനായിരുന്നു രാഹുലിന്റെ നീക്കം. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസായി മാറ്റിയതാണെന്നും ഹര്‍ജിയിൽ രാഹുൽ പറഞ്ഞിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ അവസരം ലഭിച്ചാൽ ഓരോകാര്യങ്ങളും വിശദീകരിക്കാൻ തയ്യാറാണ്. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽ പിന്നീട് വിള്ളലുണ്ടായതിന്റെ പേരിൽ മാനഭംഗം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കി എന്നത് അന്വേഷണ ഏജൻസിയുടെ ദുർവ്യാഖ്യാനമാണ്. ഇത് സ്ഥാപിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ട്. അതിനാൽ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതില്ലെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമാണ് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
ഒമ്പതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുകയാണ്. പാലക്കാടും തമിഴ്നാട്ടിലും കർണാടകയിലും രാഹുലിനായി ഊർജിത അന്വേഷണം നടത്തുകയാണ്.
















