ന്യൂദല്‍ഹി: കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്‌ക്ക് സമീപമുള്ള പള്ളി സുരക്ഷാപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. 1890ല്‍ നിര്‍മിച്ച ഭംഗ്രാ മസ്ജിദാണിത്.
1924ല്‍ ബ്രിട്ടീഷുകാരാണ് വിമാനത്താവളം നിര്‍മിച്ചത്. പിന്നീട് 1960കളില്‍ കൂടുതല്‍ ഭൂമി ഏറ്റെടുത്ത് റണ്‍വേ വികസിപ്പിച്ചപ്പോള്‍, പള്ളി വിമാനത്താവള പരിധിക്കുള്ളിലായി.
അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന രണ്ടാം റണ്‍വേയ്‌ക്ക് സമീപമാണ് പള്ളി. എന്നാല്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്നും വിമാനങ്ങള്‍ ഒന്നാം റണ്‍വേയിലേക്ക് പോകുന്നത് മസ്ജിദിന് സമീപത്ത് കൂടിയാണ്. ഇത് വലിയ സുരക്ഷ പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. ലാന്‍ഡിങ്, ടേക്ക്-ഓഫ് സമയത്തും റണ്‍വേ ഉപയോഗത്തെ ബാധിക്കുന്നുണ്ട്.
സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്‌ക്ക് ആളുകളെ എത്തിക്കുന്നത് ഏയര്‍പോര്‍ട്ട് അതോറിറ്റിയുടെ വാഹനത്തിലാണ്. മുന്‍പ് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മന്ത്രാലയ അധികൃതരും പള്ളി മാറ്റി സ്ഥാപിക്കാന്‍ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ മുസ്ലീം സംഘടനകളെ ഭയന്ന് ഇതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകുകയായിരുന്നു. മമത സര്‍ക്കാരിനോടും മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.














