ന്യൂദല്‍ഹി: സമ്മര്‍ദങ്ങള്‍ക്കു മുമ്പില്‍ എളുപ്പത്തില്‍ വഴങ്ങുന്ന ഒരാളല്ല മോദി. നരേന്ദ്ര മോദിയെപ്പോലൊരു നേതാവ് ഭാരതത്തിന്റെ ഭാഗ്യമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഭാരത സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത ജനതയ്‌ക്ക് അവരുടെ നേതാവില്‍ അഭിമാനം കൊള്ളാം. അചഞ്ചലവും ലളിതവുമായ നിലപാടുകളാണ് അദ്ദേഹത്തിന്റേത്. നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് റഷ്യയുടെ ലക്ഷ്യം. ഭാരതവും അതുതന്നെയാണ് ചെയ്യുന്നതെന്നും പുടിന്‍ പറഞ്ഞു.
ഭീകരതക്കെതിരായ ഭാരതത്തിന്റെ പോരാട്ടങ്ങളെ മോസ്‌കോ പൂര്‍ണമായും പിന്തുണയ്‌ക്കും. ഭീകരവാദത്തെ നേരിടുന്നതില്‍ ഭാരതമെന്നും റഷ്യയുടെ സഖ്യകക്ഷിയാണ്. പഹല്‍ഗാം ആക്രമണത്തെ റഷ്യ നേരത്തെ അപലപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് അനുശോചനം അറിയിക്കുകയും, ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്ക് റഷ്യ പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. സമീപകാലങ്ങളില്‍ റഷ്യയും ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിട്ടിട്ടുണ്ട്, ഈ അനുഭവം വിഷയത്തില്‍ തങ്ങളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ സഹായിച്ചു. ഭാരതവും റഷ്യയും തമ്മിലുള്ള ബന്ധം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. മോദിയുടെ മോസ്‌കോ സന്ദര്‍ശനവും പുടിന്‍ ഓര്‍മിച്ചു. തന്റെ വസതിയില്‍ ഒരുമിച്ച് ഇരുന്ന് ചായ കുടിക്കുകയും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. രസകരമായിരുന്നു അന്നത്തെ സംഭാഷണങ്ങള്‍, പുടിന്‍ പറഞ്ഞു. ഭാരതത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്‌ക്കും മാറ്റങ്ങള്‍ക്കും പ്രധാന കാരണം മോദിയുടെ നേതൃത്വമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൈകാര്യം ചെയ്തിരുന്ന രീതിയില്‍ തന്നെ ഇപ്പോഴും കാര്യങ്ങള്‍ മുന്നോട്ട് പോകാനാവില്ല. ഇന്ന് ദല്‍ഹിയോടുള്ള ലോകത്തിന്റെ സമീപനം മാറിക്കൊണ്ടിരിക്കുകയാണ്. മോദി ജീവിക്കുന്നതു തന്നെ ഭാരതത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും ഭാരതമാണ്.
ഭാരത- റഷ്യ പങ്കാളിത്തം ഏതെങ്കിലും രാജ്യത്തിനെതിരായല്ല, ദേശീയ താല്‍പര്യങ്ങളില്‍ അധിഷ്ഠിതമാണ്. ഇരു രാജ്യങ്ങളുടേയും സഹകരണത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആരും ഇതുവരെ ഞങ്ങളെ സമീപിച്ചിട്ടില്ല. മോസ്‌കോയുടേയും യുഎസിന്റെ ലക്ഷ്യങ്ങള്‍ രണ്ടാണ്. ട്രംപിന് അദ്ദേഹത്തിന്റേതായ അജണ്ടകളും ലക്ഷ്യങ്ങളുമുണ്ട്. റഷ്യയുമായുള്ള ബന്ധം കാരണം ഭാരതത്തിന്റെ ഊര്‍ജ മേഖല വളരുന്നതില്‍ ചില ആഗോള ശക്തികള്‍ക്ക് സന്തോഷമില്ല. ഉപരോധങ്ങള്‍ക്കിടയിലും ഉഭയകക്ഷി ഊര്‍ജ സമവാക്യം സ്ഥിരമായി തുടരുന്നുണ്ട്.
അതേസമയം ഉക്രൈനുമായുള്ള യുദ്ധത്തിന് തുടക്കം കുറിച്ചത് റഷ്യ അല്ലെന്നും പുടിന്‍ പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സ്വാധീനത്തില്‍പ്പെട്ട് ഉക്രൈനാണ് റഷ്യയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത്. സമാധാന പരമായ പാതയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റഷ്യ ശ്രമം നടത്തിയിരുന്നു. അത് ഫലം കണ്ടില്ല. റഷ്യയുടെ ലക്ഷ്യം കൈവരിച്ചശേഷം യുദ്ധം അവസാനിപ്പിക്കും, പുടിന്‍ കൂട്ടിച്ചേര്‍ത്തു.
















