തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെയും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു.എംഎല്‍എയെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് ആരോപിച്ചാണ് ഫസല്‍ അബ്ബാസ്, ഡ്രൈവര്‍ ആല്‍വിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയില്‍ വച്ചത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടിയും ഇവര്‍ എവിടെ എന്ന് അറിയിക്കാന്‍ നടപടി വേണം എന്നും ബന്ധുക്കള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്ന് ഫസല്‍ അബ്ബാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 2:30നായിരുന്നു ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാലാണ് ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഫസല്‍ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിയ്‌ക്ക് പരാതി നല്‍കിയത്.രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയതില്‍ സഹോദരന് യാതൊരു പങ്കുമില്ലെന്ന് ഫസല്‍ അബ്ബാസിന്റെ സഹോദരിയുടെ പരാതിയില്‍ പറഞ്ഞു.
















