കോട്ടയം: പാലാ – പൊൻകുന്നം റോഡില്‍ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂള്‍ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. 4 കുട്ടികളും ആയയും മാത്രമാണ് സ്കൂള്‍ ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പരുക്കുപറ്റിയെങ്കിലും ഗുരുതരമല്ല. കർണാടകയില്‍ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയില്‍ തീർത്ഥാടകരില്‍ ഒരാള്‍ ബസില്‍നിന്നു റോഡിലേക്ക് തെറിച്ചു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീർഥാടകരുടെ വാഹനത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നു എന്നാണ് വിവരം.
















