കോട്ടയം: ഇ-കൊമേഴ്സ് വെല്ലുവിളികള്‍ക്കിടയില്‍ കേരളത്തിലെ ചില്ലറ വ്യാപാരികളെയും തെരുവ് കച്ചവടക്കാരെയും ശാക്തീകരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. അഖില ഭാരതീയ പര്യാവരന്‍ പ്രമുഖ് ദീപക് ശര്‍മ്മ ഉദ്ഘാടനം ചെയ്തു.
ആമസോണ്‍, വാള്‍മാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള സാങ്കേതിക പഴുതുകള്‍ ചൂഷണം ചെയ്യുന്ന ബഹുരാഷ്‌ട്ര കമ്പനികളുടെ പ്രവര്‍ത്തിയെ നേരിടാന്‍ വ്യാപാരി അസോസിയേഷനുകളെ സഹായിക്കുന്നതിന് ‘വ്യാപാരി കൂട്ടായ്‌മ’ സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2014 മുതല്‍ പ്രാദേശിക വ്യാപാരികള്‍ക്കൊപ്പം ഈ വിഷയത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ച് ഉറച്ചുനില്‍ക്കുകയാണ്. ആഗോള സാങ്കേതിക നവീകരണങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ ഭാരതം നേരിട്ട കാലതാമസത്തിന് 34 വര്‍ഷത്തെ ഭരണകൂടത്തിന്റെ അനാസ്ഥ കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാറില്‍ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ സംഘടനാ ചുമതലയുള്ളവരാണ് പങ്കെടുത്തത്. വ്യാപാരി സമൂഹം നേരിടുന്ന പ്രധാന ആശങ്കകള്‍ യോഗം ചര്‍ച്ച ചെയ്തു.
സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന കണ്‍വീനര്‍ എയര്‍ വെറ്ററന്‍ ഡോ. അനില്‍ പിള്ള, മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ശ്രീകുമാര്‍ (ആലുവ) ജില്ലാ കോഓര്‍ഡിനേറ്റര്‍മാരായ രമേശ് കുമാര്‍ (കോട്ടയം), അഡ്വ. ജോസഫ് റോണി ജോസഫ് (ആലപ്പുഴ), അനീഷ് കുമാര്‍ (എറണാകുളം), ശ്രീകുമാര്‍, ബിബിന്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
















