പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇരുമുടിക്കെട്ടുമായി വിമാനത്തില്‍ യാത്രചെയ്യാനുള്ള അനുമതി ജനുവരി 20 വരെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഇരുമുടിയുമായി അയ്യപ്പഭക്തര്‍ക്ക് വിമാനത്തില്‍ യാത്രാനുമതി നല്‍കിയതായി വ്യോമയാന മന്ത്രി കിഞ്ജാരപ്പു റാം മോഹന്‍ നായിഡു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര്‍ ഇക്കാര്യത്തില്‍ സംശയം ഉന്നയിച്ചിരുന്നു.
ആന്ധ്ര, തമിഴ്‌നാട്, തെലുങ്കാന, കര്‍ണാടക സംസ്ഥാനക്കാരായ അയ്യപ്പന്മാരാണ് വിമാനങ്ങളില്‍ വരുന്നത്. തീര്‍ത്ഥാടകരെന്ന നിലയില്‍ പവിത്രമായ ഇരുമുടിക്കെട്ടുമായി വിമാനത്തില്‍ വരാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
രണ്ടു കള്ളികളുള്ള തുണി സഞ്ചിയാണ് ഇരുമുടി. ഇതില്‍ ഒന്നില്‍ നെയ്‌ത്തേങ്ങ, അരി, ശര്‍ക്കര, കര്‍പ്പൂരം തുടങ്ങിയവയും മറ്റേ കള്ളിയില്‍ എണ്ണ, ചന്ദനം, തിരി, മറ്റ് പൂജാവസ്തുക്കള്‍ എന്നിവയാണ് ഉണ്ടാവുക. ക്ഷേത്രത്തിലോ വീട്ടിലോ ഗുരുസ്വാമിയുടെ അനുഗ്രഹാശ്ശിസോടെയാണ് കെട്ടുനിറച്ച് ഇരുമുടി തലയിലേന്തുക.
യാത്രയിലുടനീളം ഇരുമുടിയുടെ പവിത്രത സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഭക്തര്‍ പാലിക്കണമെന്നും അയ്യപ്പഭക്തരുടെ വികാരം കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
















