കൊച്ചി: ചനല്‍ ചര്‍ച്ചകളിലൂടെ ശ്രദ്ധേയനായി വളരെ വേഗം കോണ്‍ഗ്രസില്‍ ഉയര്‍ന്നു വന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉയര്‍ച്ചയ്‌ക്കും താഴ്ചയ്‌ക്കും ഡിസംബര്‍ മാസം തന്നെ സാക്ഷ്യം വഹിക്കുന്നത് യാദൃച്ഛികം. പാലക്കാട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് സത്യപ്രതിജ്ഞ ചെയ്തത്. ഒരൊറ്റ വര്‍ഷം കഴിഞ്ഞ് ഡിസംമ്പര്‍ നാലിനു തന്നെ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് രാഹുലിനെ പുറത്താക്കി. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പഠന കാലമായ 2006ലാണ് കെഎസ്യുവിലൂടെ രാഹുല്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലെത്തുന്നത്. 2009 മുതല്‍ 2017 വരെ കെഎസ്യു പത്തനംതിട്ട ജില്ലാ സെക്രട്ടറി. 2017ല്‍ ജില്ലാ പ്രസിഡന്റ്. 2017-18ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. 2018 മുതല്‍ 21 വരെ എന്‍എസ്യു ദേശീയ ജനറല്‍ സെക്രട്ടറി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, 2020ല്‍ കെപിസിസി അംഗം. 2023ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. 2024ല്‍ പാലക്കാട് എംഎല്‍എ.
ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കുന്ന നേതാവ് എന്ന നിലയിലാണ് പാര്‍ട്ടിയിലെ യുവനിരയില്‍ രാഹുല്‍ ശ്രദ്ധ നേടിയത്. ഷാഫി പറമ്പില്‍ എംപിയുടെ പിന്തുണ ഏറെ ഗുണം ചെയ്തു. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയതും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും ഷാഫിയാണ്. എന്താരോപണമുണ്ടായാലും ‘ഹു കെയേഴ്സ്’ എന്നുപറഞ്ഞ് അതിനെയെല്ലാം അവഗണിച്ച് മുന്നോട്ടു പോയി.
രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്തതിനു പിന്നാലെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം ഉയര്‍ന്നത്. അംഗങ്ങളെ ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ രേഖ വ്യാജമായി ഉണ്ടാക്കിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്ന സാഹചര്യമുണ്ടായി. വ്യാജരേഖയുണ്ടാക്കാന്‍ ഉപയോഗിച്ച ആപ്പിന്റെ വിവരങ്ങളടക്കം പുറത്തുവന്നു. വ്യാജ പ്രസിഡന്റ് എന്ന ആരോപണം ഉയര്‍ന്നെങ്കിലും അതിനെയും രാഹുല്‍ അതിജീവിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിയമസഭാംഗമായി ഒന്‍പതുമാസത്തിനകം സ്ത്രീപീഡനാരോപണങ്ങളില്‍ കുടുങ്ങി. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. രാജിയും ആവശ്യപ്പെട്ടു.
















