ഇസ്ലാമബാദ്: പാക ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിലേക്ക് സ്വയം പൊട്ടിത്തെറിച്ച് ആക്രമണം നടത്താനുള്ള ആത്മഹത്യാ സ്‌ക്വാഡിലേക്ക് 5000 സ്ത്രീകളെ റിക്രൂട്ട് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ഇവരെ വനിതാ വിഭാഗമായ ജമാഅത്ത്-ഉല്‍-മോമിനാത്തിന്റെ കീഴില്‍ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭീകര സംഘടനയുടെ തലവനായ മസൂദ് അസര്‍ അവകാശപ്പെട്ടു. മസൂദ് അസറിന്റെ സഹോദരി സയീദയുടെ നേതൃത്വത്തിലാണ് വനിതാ വിഭാഗം ജമാഅത്ത്- ഉല്‍- മോമിനാത്ത് രൂപീകരിച്ചത്.
ജമാഅത്ത്-ഉല്‍-മോമിനാത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വ്യാപ്തിയെ കുറിച്ച് വിശദീകരിച്ചാണ് മസൂദ് അസര്‍ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്.
റിക്രൂട്ട്മെന്റും പരിശീലനവും സുഗമമാക്കുന്നതിന് പാക് അധിനിവേശ കശ്മീരിലുടനീളം ജില്ലാതല സംഘടനകള്‍ സ്ഥാപിക്കുമെന്നും അതിന് ‘മുന്‍താസിമ’ എന്ന പേരില്‍ ഒരു ആസ്ഥാനമുണ്ടാകുമെന്നും മസൂദ് അസര്‍ പറഞ്ഞു.
ഒക്ടോബറില്‍, ‘ജെയ്ഷെയുടെ ശത്രുക്കളെ’ നേരിടാന്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനുമുള്ള വിപുലമായ പദ്ധതി മസൂദ് അസര്‍ വിശദീകരിക്കുന്ന ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.











