തിരുവനന്തപുരം: കഴിഞ്ഞ എത്രയോ ദിവസമായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇരകളായ സ്ത്രീകള്‍ ഇത്രയൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ട കാര്യത്തില്‍ സമയമായില്ല പോലുമെന്ന നിലപാടാണ് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്. ഉചിതമായ സമയത്ത് ഉചിതമായ നിലപാട് എടുക്കുമെന്നാണ് സണ്ണി ജോസഫ് നല‍്കുന്ന ഉത്തരം.
കോടതി പോലും രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിക്കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനമുയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക എംഎ ഷഹനാസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം ഞൊടിയിടയിലാണ് എടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസില്‍ ഷാഫിയ്‌ക്കും പങ്കുണ്ടെന്ന് ആരോപിച്ച ഷഹനാസിനെതിരെ വധഭീഷണി ഉയരുകയാണ്. ആരോപണം ഉയര്‍ത്തിയ ഇരയ്‌ക്കെതിരെ നടപടിയെടുക്കുകയും വേട്ടക്കാരനെ വെറുതെ വിട്ടുവെന്നുമുള്ള വിമര്‍ശനം കെപിസിസി പ്രസിഡന്‍റിനെതിരെ ഉയരുന്നു. തലമുതിര്‍ന്ന നേതാവായ വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യമുയര്‍ത്തിയിരുന്നു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച് ഉചിതമായ സമയത്ത് വേണ്ട നടപടിയെടുക്കും. ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കേണ്ട കാര്യമില്ലെന്നും സണ്ണി ജോസഫ്.
സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായിരുന്നല്ലോ. പി. ശശിയ്‌ക്കും ഗോപി കോട്ടമുറിക്കലിനും എതിരെ എന്ത് നടപടിയാണ് സിപിഎം കൈക്കൊണ്ടത്?- സണ്ണി ജോസഫ് മറുചോദ്യം ചോദിച്ചു
















