ന്യൂഡൽഹി(4-12-2025): പ്രസാർ ഭാരതി ബോർഡ് ചെയർമാൻ നവ്‌നീത് കുമാർ സെഹ്ഗാൾ രാജിവെച്ചു. കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായും വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. 2024 മാർച്ച് 16-നാണ് പ്രസാർഭാരതി ചെയർമാനായി നിയമിതനായത്.
1988 ബാച്ച് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനാണ് നവ്‌നീത് കുമാർ സെഹ്ഗാൾ. ഉത്തർപ്രദേശ് കേഡറിലാണ് അദ്ദേഹം സർവീസിൽ പ്രവേശിച്ചത്. 2023 ജൂലായിൽ ഉത്തർപ്രദേശ് സർക്കാരിൽ അഡീ. ചീഫ് സെക്രട്ടറിയായാണ് വിരമിച്ചത്. ഇക്കാലയളവിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ വിവിധ വകുപ്പുകളിൽ പ്രവർത്തിച്ചു.











