വാഷിങ്ടണ്‍: രാജ്യ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി 19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ വൈറ്റ് ഹൗസ് നിര്‍ത്തിവച്ചു. കൂടാതെ, രാജ്യത്തുടനീളമുള്ള പൗരത്വ വിതരണ ചടങ്ങുകള്‍ റദ്ദാക്കുകയും ചെയ്തു. വാഷിങ്ടണില്‍ വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്‍ നാഷണല്‍ ഗാര്‍ഡുകള്‍ക്ക് നേരേ വെടിയുതിര്‍ത്ത സംഭവമാണ് അമേരിക്കൻ പ്രസിഡന്റിന് പ്രകോപനമായത്. ആ സംഭവത്തില്‍ ഒരു ദേശീയ ഗാര്‍ഡ് അംഗം കൊല്ലപ്പെടുകയും, മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് കുടിയേറ്റ നിരോധനം ബാധകമാക്കിയത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (DHS) മെമ്മോ അനുസരിച്ച്, യുഎസിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന എല്ലാവരെയും വീണ്ടും കര്‍ശനമായി പരിശോധനയ്‌ക്ക് വിധേയമാക്കും.
ഈ മരവിപ്പിക്കല്‍ 15 ലക്ഷത്തിലധികം പേരുടെ അഭയാര്‍ഥി അപേക്ഷകളെയും ബൈഡന്‍ ഭരണകൂടത്തില്‍ അഭയം ലഭിച്ച 50,000-ത്തിലധികം ആളുകളെയും ബാധിച്ചേക്കുമെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
















