കപട മതേതര വാദികളുടെയും ഇടതു ജിഹാദികളുടെയും അര്‍ബന്‍ നക്‌സലുകളുടെയും ഇടനെഞ്ചിലേക്കു തന്നെയാണ് രാജ്യത്തെ പരമോന്നത നീതിപീഠം നിറയൊഴിച്ചിരിക്കുന്നത്. അനുമതിയില്ലാതെ ഭാരതത്തില്‍ പ്രവേശിച്ചവര്‍ക്ക് പ്രത്യേക സംരക്ഷണവും ആനുകൂല്യങ്ങളും നല്‍കണമെന്ന ആവശ്യം നീതിന്യായ വ്യവസ്ഥയില്‍ നിന്ന് പ്രതീക്ഷിക്കാമോയെന്നാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീം കോടതി ചോദിച്ചത്. ഭാരതത്തിലെത്തി ‘കാണാതായ’ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് നുഴഞ്ഞുകയറ്റക്കാര്‍ അഭയാര്‍ത്ഥികളാവില്ലെന്ന ശക്തമായ നിലപാട് കോടതി സ്വീകരിച്ചത്.
ഞങ്ങള്‍ അവര്‍ക്കു ചുവന്ന പരവതാനി വിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. റോഹിങ്ക്യകള്‍ പലപ്പോഴും രാജ്യത്തേക്ക് ഒളിച്ചു കടന്നശേഷം ഭക്ഷണവും അഭയവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെടുകയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
രാജ്യത്തിന്റെ സ്വന്തം കുട്ടികള്‍ക്കല്ലേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതെന്നും, അനധികൃതമായി കടന്നുവന്നവരെ സഹായിക്കാനായി നിയമം എത്രത്തോളം ദുരുപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് ആത്മരോഷത്തോടെ ചോദിക്കുകയുണ്ടായി. രാജ്യത്തെ വിഭവങ്ങളുടെ പരിമിതിയിലേക്ക് കൂടിയാണ് ഈ അഭിപ്രായപ്രകടനം വിരല്‍ചുണ്ടിയത്.
ഉത്തര ഭാരതത്തിലെ ചില പ്രദേശങ്ങളിലൂടെ അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ സംബന്ധിച്ച സുരക്ഷാ ആശങ്കകളും ജഡ്ജിമാര്‍ പങ്കുവയ്‌ക്കുകയുണ്ടായി. നിയമവിരുദ്ധമായി നുഴഞ്ഞുകയറി വരുന്നവരെ ഇവിടെ പാര്‍പ്പിക്കാനുള്ള ബാധ്യത നമുക്കുണ്ടോയെന്നാണ് കോടതി ചോദിച്ചത്. എന്നാല്‍ റോഹിങ്ക്യകള്‍ അനുഭവിക്കുന്നത് വലിയ മനുഷ്യാവകാശ പ്രശ്‌നമായി തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തിക്കൊണ്ട് വരികയാണ്. നിയമവും നീതിപീഠത്തിന്റെ തീരുമാനങ്ങളുമൊന്നും ഇവര്‍ക്ക് ബാധകമല്ല.
മ്യാന്‍മറില്‍ നിന്നുള്ള മുസ്ലിം ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ അനധികൃതമായി കടന്നുവന്നതിനാല്‍ അവരെ തുടരാന്‍ അനുവദിക്കണമോ, തിരിച്ചയക്കണമോ എന്നതാണ് നമ്മുടെ പ്രശ്‌നമെന്നും, യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഭാരതം ഒപ്പുവച്ചിട്ടില്ലാത്തതിനാല്‍, ഇവിടെ അവര്‍ അനധികൃത കുടിയേറ്റക്കാര്‍ ആണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അവരുടെ സാന്നിധ്യം സുരക്ഷാ ഭീഷണിയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖകളുടെ ഉപയോഗം, ഭീകരവാദ സംഘടനകളുമായുള്ള ബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ റോഹിങ്ക്യകളുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില മനുഷ്യാവകാശ സംഘടനകള്‍, വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ടു വരുന്ന റോഹിങ്ക്യകള്‍ അന്താരാഷ്‌ട്ര മാനവികതാ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംരക്ഷണം അര്‍ഹിക്കുന്നവരാണെന്നും, ഭാരത ഭരണഘടന എല്ലാ വ്യക്തികളുടെയും ജീവനും മാന്യതയും സംരക്ഷിക്കണമെന്നും വാദിക്കുന്നവരാണ്. ദേശീയ താല്‍പ്പര്യം എന്നത് ഇക്കൂട്ടര്‍ പരിഗണിക്കുന്നതേയില്ല.
ഭാരതത്തിലെ റോഹിങ്ക്യകളില്‍ ഭൂരിപക്ഷവും ബംഗ്ലാദേശ് വഴി ബ്രോക്കര്‍മാരുടെ സഹായത്തോടെ അതിര്‍ത്തി കടന്ന് വന്നിട്ടുള്ളവരാണ്. പശ്ചിമ ബംഗാള്‍, ത്രിപുര, അസം പോലുള്ള സംസ്ഥാനങ്ങളിലെ നദികളും കാട്ടുവഴികളും അവര്‍ ഇതിനായി ഉപയോഗിക്കുന്നു. ജമ്മു, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രദേശങ്ങള്‍ എന്നിവ വഴിയും ഇവര്‍ എത്തുന്നുണ്ട്. ദല്‍ഹി, ജമ്മു, ഹൈദരാബാദ്, മെവാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ക്യാമ്പുകളിലാണ് ഇവര്‍ താമസിക്കുന്നത്. കേരളത്തില്‍ മലപ്പുറം ജില്ലയിലും ഇവരില്‍ ചിലര്‍ താമസിക്കുന്നുണ്ട്.
വ്യാജ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ ഉപയോഗിച്ച് റോഹിങ്ക്യകള്‍ അടിസ്ഥാന സേവനങ്ങള്‍ തരപ്പെടുത്തുകയും ചെയ്യുന്നു. നുഴഞ്ഞുകയറുകയും വ്യാജ രേഖകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഇവര്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്കുള്ള എല്ലാ സേവനങ്ങളും അവകാശങ്ങളും നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. അതിന് ബാധ്യതയുമില്ല.
റോഹിങ്ക്യകളുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഹര്‍ജിയുമായി എത്തിയിരിക്കുന്നത് എന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അഭയാര്‍ത്ഥികളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത റോഹിങ്ക്യകള്‍ക്ക് ആനുകൂല്യം നല്‍കാന്‍ നിയമപരമായി കഴിയില്ലെന്ന് സുപ്രീംകോടതി തീര്‍ത്തു പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ ശരിവയ്‌ക്കുന്നതാണ് റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരെ കുറിച്ചുള്ള സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.
















