ബിജാപൂർ: 2026 മാര്‍ച്ചോടെ ഇന്ത്യയെ മാവോയിസ്റ്റ് മുക്ത രാഷ്‌ട്രമാക്കി മാറ്റുന്നതിന്റെ ഭാഗമായ മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തുന്ന ശക്തമായ നീക്കത്തിന്റെ ഭാഗമായി ഛത്തീസ്‌ഗഡില്‍ ബുധനാഴ്ച 12 മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചു. ബിജാപൂരിനും ദന്തേവാഡയ്‌ക്കും ഇടയിലായിരുന്ന ഏറ്റുമുട്ടല്‍. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണ് ഛത്തീസ് ഗഢിലെ ദന്തേവാഡയും ബീജാപൂരും. ഈ വർഷം ഛത്തീസ്‌ഗഡില്‍ ഇതുവരെ 268 നക്‌സലൈറ്റുകൾ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു, അതിൽ 239 പേർ ബസ്‌തർ മേഖലയിലാണ്.
മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രദേശത്ത് വെടിവയ്‌പ്പ് തുടരുകയാണ്. 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്.
ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു സൈനികനെ രക്ഷപ്പെടുത്താനായി. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ലാ റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സിആർപിഎഫിന്റെ കോബ്രയുടെ ഒരു ബറ്റാലിയൻ എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നത്.
“മാവോയിസറ്റ് വിരുദ്ധ സംയുക്ത സേനാസംഘം തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. സൈനികർ ശക്തമായി തിരിച്ചടിച്ചു. സ്ഥലത്തുണ്ടായിരുന്ന സൈനികർ പ്രദേശം വളഞ്ഞ് ബാക്കിയുള്ള മാവോയിസ്റ്റുകളെ പിടികൂടാൻ ശ്രമിക്കുകയാണ്. ഇതോടെ സൈനികരും മാവോയിസ്റ്റുകളും വെടിവയ്‌പ്പ് തുടരുന്നു. ഇതുവരെ 12 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു”- ഐജി ബസ്തർ പി സുന്ദർരാജ് പറഞ്ഞു.
















