കൊല്ലം: ചെറുകിട വ്യവസായങ്ങള്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗവും അസുഖബാധിതരോ അംഗവൈകല്യങ്ങള്‍ ഉള്ളവരോ വിധവകളോ ആണെന്നും അവരുടെ കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ തൊട്ടറിഞ്ഞ് അവരെ സാന്ത്വനപ്പെടുത്തുന്നതില്‍ സ്വദേശി ജാഗരണ്‍ മഞ്ച് വഹിക്കുന്ന പങ്ക് വളരെ നിസ്തുലമാണെന്നും അഖില ഭാരതീയ പര്യാവരണ്‍ പ്രമുഖ് പ്രദീപ് ദീപക് ശര്‍മ.
സ്വദേശി ജാഗരണ്‍ മഞ്ച് കൊല്ലം ജില്ലയുടെ നേതൃത്വത്തില്‍ കൊല്ലം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട വ്യാപാരികള്‍ കച്ചവടത്തിന് വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരാണ്. സ്വന്തമായി ഒരു സംവിധാനമുണ്ടാക്കിയാണ് അവര്‍ വ്യാപാരം നടത്തുന്നത്. വന്‍കിട വ്യാപാരികള്‍ക്ക് അത്തരം പ്രതിസന്ധികളില്ല. 28 ദിവസത്തെ മാത്രം കണക്ക് പരിശോധിച്ചാല്‍ 2.6 ബില്യണ്‍ ഉപഭോക്താക്കളാണ് വന്‍കിട വ്യാപാരസ്ഥാപനമായ ആമസോണില്‍ എത്തുന്നത്. കൊവിഡ് 19 മഹാമാരിയുടെ സമയത്ത് ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ക്കിടയില്‍ ആഗോളവല്‍ക്കരണത്തിന്റെ പോരായ്‌മകള്‍ വ്യക്തമായിരുന്നു. മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെയും തുടര്‍ന്നുള്ള മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന്റെയും ഗുണപരമായ സ്വാധീനം ഉല്‍പ്പാദന മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പങ്ക് വഹിച്ചെന്നും പ്രദീപ് ദീപക് ശര്‍മ പറഞ്ഞു.
ചില്ലറ വ്യാപാരികളുടെയും തെരുവ് കച്ചവടക്കാരുടെയുമെല്ലാ പ്രശ്‌നങ്ങളും ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ട്രേഡിങ് വഴി പരിഹരിക്കാന്‍ കഴിയില്ല. ബഹുരാഷ്‌ട്ര കമ്പനികള്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയാവാത്ത രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജകന്‍ ഡോ. അനില്‍ എസ്. പിള്ള, ജില്ലാ സംയോജക് എസ്.ആര്‍. സജീവ്, സ്വാലംബി ഭാരത് അഭിയാന്‍ സംസ്ഥാന സഹ സംയോജക് ഉണ്ണിക്കൃഷ്ണന്‍ ഗോപിനാഥന്‍, പ്രൊഫ. കോന്നി ഗോപകുമാര്‍, പ്രൊഫ. ഗിരിജ, കേണല്‍ പൊന്നമ്മ എന്നിവര്‍ പങ്കെടുത്തു.
















