ന്യൂദല്‍ഹി: രാജ്യത്തെ മൊബൈല്‍ നമ്പറുകളെ ഐഎംഇഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് സഞ്ചാര്‍ സാഥി. 2023ലാണ് സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ രൂപത്തില്‍ പുറത്തിറക്കിയത്. തട്ടിപ്പ് കോളുകള്‍, ഡിജിറ്റല്‍ അറസ്റ്റ്, ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍, മൊബൈല്‍ മോഷണം എന്നിവ തടയാന്‍ ഇതിലൂടെ സാധിക്കും. ഫോണ്‍ നഷ്ടപ്പെട്ടാലോ, മോഷണം പോയാലോ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് എവിടെയുണ്ടെന്ന് കണ്ടെത്താം.
നഷ്ടപ്പെട്ട ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്തവിധം ബ്ലോക്ക് ചെയ്യാനാകും. നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ 26 ലക്ഷം മൊബൈല്‍ ഫോണുകള്‍ ഈ പ്ലാറ്റ്ഫോമിലൂടെ കണ്ടെത്തി. ഇതില്‍ 7.23 ലക്ഷം ഫോണുകള്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചു നല്‍കി.
തട്ടിപ്പ് കോളുകളെക്കുറിച്ച് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സഞ്ചാര്‍ സാഥിയിലൂടെ സാധിക്കും. പഴയ ഫോണ്‍ വാങ്ങുമ്പോള്‍, അത് മോഷണം പോയതോ, തട്ടിപ്പില്‍പ്പെട്ടതോ ആണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താം. സ്വന്തം പേരിലുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിം എടുത്ത് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നും കണ്ടെത്താനാകും.
ഇത്തരത്തില്‍ തിരിച്ചറിഞ്ഞ 1.43 കോടിയിലധികം മൊബൈല്‍ കണക്ഷ നുകളാണ് ഇതുവരെ വിച്ഛേദിക്കപ്പെട്ടത്. സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട 6.2 ലക്ഷം ഐഎംഇഐകള്‍ ബ്ലോക്ക് ചെയ്തു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 40.96 ലക്ഷം വ്യാജ കണക്ഷനുകള്‍ വിച്ഛേദിച്ചു. ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ വഴി 475 കോടി രൂപയുടെ നടക്കാന്‍ സാധ്യതയുണ്ടായിരുന്ന സാമ്പത്തിക തട്ടിപ്പുകള്‍ തടഞ്ഞു. ഇതിനകം 21.5 കോടിയിലധികം പേരാണ് സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ സന്ദര്‍ശിച്ചത്. 1.4 കോടിയിലധികം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.













