ഹൈദരാബാദ്: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ ഹൈദരാബാദിന് 114 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഹൈദരാബാദിന്റെ ഒന്നാം ഇന്നിങ്‌സ് 382 റണ്‍സില്‍ അവസാനിച്ചു. സെഞ്ച്വറി നേടിയ യഷ് വീറിന്റെ (100 പന്തില്‍ നിന്ന് 118 റണ്‍സ്) ഉജ്ജ്വല ഇന്നിങ്‌സാണ് ഹൈദരാബാദിന് ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളം ചൊവ്വാഴ്ച കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്.
ഒരു വിക്കറ്റിന് 71 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഹൈദരാബാദിന് വേണ്ടി ആരോണ്‍ 75 പന്തുകളില്‍ 72 റണ്‍സെടുത്തു. എട്ട് ഫോറും ഒന്‍പത് സിക്‌സും അടങ്ങുന്നതായിരുന്നു യഷ് വീറിന്റെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി ലെറോയ് ജോക്വിന്‍ ഷിബു മൂന്നും തോമസ് മാത്യു, മൊഹമ്മദ് ഇനാന്‍, ആഷ്‌ലിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. 20 റണ്‍സെടുത്ത കെ ആര്‍ രോഹിതിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 30 റണ്‍സോടെ ജോബിന്‍ ജോബിയും 17 റണ്‍സോടെ തോമസ് മാത്യുവുമാണ് ക്രീസില്‍.
















