കണ്ണൂര്‍: രാവിലെ മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടിലെ ജോലി. വൈകുന്നേരം അച്ഛനെയും അമ്മയെയും തട്ടുകടയില്‍ സഹായിക്കണം. ഒപ്പം കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സൗത്ത് ബസാര്‍ ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തീപാറും മത്സരം. ഇതിനിടയില്‍ മൂന്ന് വയസ്സുള്ള മകനെയും നോക്കണം. കണ്ണൂര്‍ കോര്‍പ്പറഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി 24 കാരിയായ എം. ശ്രുതിയുടെ വിശേഷങ്ങളാണിത്. യുവമോര്‍ച്ചയുടെ ഭാഗമായി നിരവധി ജനകീയ സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ശ്രുതി ഒരു വര്‍ഷം മുമ്പാണ് ഹോം ഡെലിവറി ജോലിക്ക് ചേര്‍ന്നത്. വൈകുന്നേരമായാല്‍ അച്ഛന്‍ സജേന്ദ്രനും അമ്മ ശാന്തിയും പയ്യാമ്പലം ബീച്ചിനടുത്ത് നടത്തുന്ന തട്ടുകടലും ശ്രുതി സഹായിക്കാനെത്തും. രാത്രി എട്ടരവരെ തട്ടുകടയിലെ തിരക്കിലാകും. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോഴും ശ്രുതി ജോലി കളഞ്ഞില്ല. രാവിലെ ഇറങ്ങി ഹോം ഡെലിവറി തീര്‍ത്തശേഷം പ്രചാരണത്തിനിറങ്ങും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഡിവിഷനാണ് സൗത്ത് ബസാര്‍.
നേരിട്ടും ഫോണ്‍ വഴിയും എല്ലാവരിലും എത്താനുള്ള ശ്രമത്തിലാണ് ശ്രുതി. പ്രവര്‍ത്തകരോടൊപ്പം ഒരു തവണ വീടുകളിലെത്തി വോട്ടര്‍മാരെ നേരിട്ട് കണ്ടുകഴിഞ്ഞു. കുഞ്ഞുനാള്‍ തൊട്ടേ കാണുന്നതിനാല്‍ ഡിവിഷനിലെ ഓരോവോട്ടര്‍ക്കും സ്വന്തം വീട്ടിലെ കുട്ടിയാണ്. പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആയുര്‍വേദ നഴ്‌സിംഗ് കോഴ്‌സ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്തത്. ഭര്‍ത്താവ്: ശ്രീരാഗ്. മകന്‍: ശിവദേവ്. സഹോദരന്‍: അശ്വിന്‍.
















