തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം കണ്ടെത്തി പോലീസ്. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരിന് സമീപത്തുള്ള ബാഗലൂരിലാണ് രാഹുൽ ഒളിച്ചിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. പോലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണാടയിലേക്ക് കടന്നു. ബാഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കാന്‍ പത്ത് മിനിറ്റ് മാത്രമാണ് ദൂരം.
കഴിഞ്ഞദിവസം രാവിലെയാണ് ഹൊസൂരിന് സമീപത്തുള്ള ബാഗലൂരുവിലെ രാഹുലിന്റെ ഒളിയിടം പോലീസ് കണ്ടെത്തിയത്. ഉടനെ കോയമ്പത്തൂരിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സംഘം ബാഗലൂരുവിലേക്ക് തിരിക്കുകയായിരുന്നു. അന്വേഷണസംഘം എത്തുമ്പോൾ ഒളിയിടത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയ കാർ ഉണ്ടായിരുന്നു. ഇതിലെ ഡ്രൈവർ അന്വേഷണ സംഘത്തെ കണ്ടതോടെ ഓടി രക്ഷപ്പെട്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ബാഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയത് മറ്റൊരു കാറില്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
















