പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജല അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്ന് 5000 കോടി രൂപ കടമെടുക്കാന്‍ അജണ്ട പാസാക്കി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടും എട്ടു മാസമായി കൂടാതിരുന്ന ബോര്‍ഡ് മീറ്റിങ് അടിയന്തരമായി ചേര്‍ന്നാണ് അജണ്ട പാസാക്കിയത്. ജല അതോറിറ്റി ആസ്ഥാനമായ ജലഭവന് പകരം സെക്രട്ടറിയേറ്റിലെ ജല വിഭവ അഡീഷണല്‍ സെക്രട്ടറിയുടെ ചേമ്പറില്‍ ആയിരുന്നു യോഗം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ആദ്യഘട്ടം എന്ന നിലയിലാണ് 5000 കോടി ഇപ്പോള്‍ കടമെടുക്കുന്നത്.
നബാര്‍ഡില്‍ നിന്ന് കടമെടുക്കുന്നതിന് മന്ത്രിസഭ നേരത്തെ അനുമതി നല്‍കിയിരുന്നു. കടമെടുപ്പ് അജണ്ട പാസാക്കേണ്ടതിനാല്‍ അടിയന്തരയോഗം ചേരണമെന്ന് അറിയിപ്പ് നവംബര്‍ 19നാണ് ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കിയത്. മാര്‍ച്ച് 28ന് ശേഷം ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്നിരുന്നില്ല. ഇതില്‍ പ്രതിഷേധം നിലനില്‍ക്കേയാണ് 19 ന് നോട്ടീസ് നല്‍കി 20ന് അടിയന്തര യോഗം ചേര്‍ന്നത്.
കടം എടുപ്പിന് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുമെങ്കിലും തിരിച്ചടവ് ജല അതോറിറ്റിയെ പ്രതിസന്ധിയില്‍ ആക്കുമെന്നതിനാല്‍ ജീവനക്കാരുടെ സംഘടനകള്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. എങ്കിലും സര്‍ക്കാറും ജലവിഭവ വകുപ്പും വഴങ്ങിയില്ല. ജല്‍ ജീവന്‍ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഇല്ലങ്കില്‍ കേന്ദ്ര വിഹിതം പ്രതിസന്ധിയിലാകുമെന്നുള്ള തിരിച്ചറിവും സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലും ജല അതോററ്റി കടം എടുക്കണമെന്ന നിര്‍ബന്ധത്തിലാണ് സര്‍ക്കാര്‍.
അയ്യായിരം കോടി കടം എടുക്കുമ്പോള്‍ പ്രതിമാസം 80കോടി തിരിച്ചടവ് വേണ്ടിവരും. ജല അതോറിറ്റിയുടെ ഒരു മാസത്തെ ആകെ റവന്യൂ വരുമാനം നിലവില്‍ 100 കോടി മാത്രമാണ്. ഇതില്‍ 10 കോടി രൂപ കെഎസ്ഇബിക്ക് വൈദ്യുതി ചാര്‍ജ് എസ് ക്രോ അക്കൗണ്ട് വഴി നല്‍കണം.
നബാര്‍ഡ് വായ്‌പയുടെ തിരിച്ചടവ് കൂടി ആവുമ്പോള്‍ അക്കൗണ്ടില്‍ മിച്ചമുണ്ടാകില്ല. വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി കുടിശികയാണ്. ജീവനക്കാരുടെ ജിപിഎഫ് പോലും യഥാസമയം നല്‍കുന്നില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി 374.21 കോടി രൂപയും ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍ക്കായി 61.64 കോടി രൂപയും മെയിന്റനന്‍സ് കരാറുകാര്‍ക്ക് 146.75 കോടി രൂപയും നിലവില്‍ കുടിശികയുണ്ട്.
ഇതു കൊടുത്ത് തീര്‍ക്കാന്‍ പോലും നിലവിലെ വരുമാനം പര്യാപ്തമല്ല. ഇതിനിടയിലാണ് പുതിയ ബാധ്യത കൂടി വരാന്‍ പോകുന്നത്. ഇത് ജല അതോറിറ്റിയെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കും എന്നാണ് സര്‍ക്കാര്‍ അനുകൂല ട്രേഡ് യൂണിയന്‍ പോലും പറയുന്നത്.
















