തൃശൂർ: ചെമ്പൈ സംഗീതോത്സവത്തോട് അനുബന്ധിച്ചുണ്ടായ വിവാദങ്ങളിൽ ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി ഡോ. ചേർത്തല കെ എൻ രംഗനാഥ ശർമ്മ. ഇടത് സര്‍ക്കാരിന്റെ ആധിപത്യത്തിലുള്ള ദേവസ്വം ബോര്‍ഡിനെതിരെ ഒരു സംഗീതജ്ഞന്‍ പരസ്യമായി പ്രതികരിച്ചത് വിവാദമായിരിക്കുകയാണ്.
ചെമ്പൈ പുരസ്‌കാരത്തിൽ രാഷ്‌ട്രീയ ഇടപെടലുണ്ടായതായി ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. ബ്രാഹ്മണ സഭ സംഘടിപ്പിച്ച പരിപാടിയിലാണ് രംഗനാഥൻ ദേവസ്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ നിന്നും അപ്രതീക്ഷിതമായി കർണാടക സംഗീതജ്ഞൻ രംഗനാഥ ശർമ്മയെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡാണ് ഇത് ഒഴിവാക്കാൻ മുൻകൈയെടുത്തത്. ഇതിനെതിരെ പ്രതിഷേധിച്ചും സംഗീതഞ്ജന് പിന്തുണ അറിയിച്ചും കേരള ബ്രാഹ്മണ സഭ മുന്നോട്ടു വന്നു.
ചൈമ്പൈ പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള സമിതി അംഗമായിരുന്നതിന്റെ പേരിൽ സംഗീതോത്സവത്തിൽ നിന്ന് ഒഴിവാക്കിയെന്നാണത്രെ ദേവസ്വത്തിന്റെ വിശദീകരണം. എന്നാൽ ചെമ്പൈപുരസ്‌കാര നിർണയത്തിലുണ്ടായ രാഷ്‌ട്രീയ ഇടപെടലുകളെ താൻ എതിർത്തതാണ് ഇതിനുള്ള യഥാർത്ഥ കാരണമെന്ന് രംഗനാഥൻ പറഞ്ഞു.
















