ദല്‍ഹി:കണ്ണൂര്‍ കൂത്തുപറമ്പില്‍ മൂര്യാട് പത്ത് സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രമോദിനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
കുന്നപ്പാടി മനോഹരന്‍, നാനോത്ത് പവിത്രന്‍, പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍, പാട്ടാരി ദിനേശന്‍,കേളോത്ത് ഷാജി, പാട്ടാരി സുരേഷ് ബാബു, കുളത്തുംകണ്ടി ധനേഷ്, അണ്ണേരി വിപിന്‍, പാലേരി റിജേഷ്, വാളോത്ത് ശശി എന്നിവര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.പ്രതികള്‍ ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്.
2007 ആഗസ്റ്റ് 16ന് രാവിലെയാണ് പ്രമോദ് കൊല്ലപ്പെടുകയും സുഹൃത്ത് പ്രകാശന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തത്. കേസിലെ എട്ടാം പ്രതി അണ്ണേരി വിപിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഒന്നാം പ്രതി സിപിഎം ലോക്കല്‍ സെക്രട്ടറി താറ്റ്യോട്ട് ബാലകൃഷ്ണന്‍ വിചാരണക്കിടെ മരിച്ചു. രണ്ടുമുതല്‍ 11 വരെ പ്രതിയാക്കപ്പെട്ടവരെ ജീവപര്യന്തം കഠിന തടവിന് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു.
2007 ആഗസ്റ്റ് 16ന് മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന്‌നിരയില്‍ വെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രമോദ് വെട്ടേറ്റുമരിച്ചത്. കോണ്‍ക്രീറ്റ് ജോലിക്കാരായ പ്രമോദും പ്രകാശനും ജോലിക്ക് പോകുന്നതിനിടയില്‍ മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് നിരയിലെ കശുമാവിന്‍ തോട്ടത്തില്‍ വെച്ച് പ്രതികള്‍ വാള്‍, കത്തി എന്നിവ കൊണ്ട് ആക്രമിച്ചെന്നാണ് കേസ്.
















