ന്യൂദൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം രാജ്യസഭയിൽ മുൻ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറിന്റെ പെട്ടെന്നുള്ള രാജിയെച്ചൊല്ലി മല്ലികാർജുൻ ഖാർഗെയും ജെ പി നദ്ദയും തമ്മിൽ ഏറ്റുമുട്ടൽ . ചെയർമാൻ സി പി രാധാകൃഷ്ണന്റെ സ്വാഗത പ്രസംഗത്തിനിടെ, ജഗ്ദീപ് ധൻഖർ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് പെട്ടെന്ന് രാജിവച്ച വിഷയം ഖാർഗെയാണ് ഉന്നയിച്ചത്.
“സഭയുടെ ചെയർമാൻ സ്ഥാനത്ത് നിന്നുള്ള പെട്ടെന്നുള്ള രാജിയെക്കുറിച്ച് ഇതിനുമുമ്പ് പരാമർശിക്കാൻ ഞാൻ നിർബന്ധിതനായതിൽ നിങ്ങൾ എതിർക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മുഴുവൻ സഭയുടെയും രക്ഷാധികാരി എന്ന നിലയിൽ, ചെയർമാൻ സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ പ്രധാനമാണ്. അദ്ദേഹത്തിന് വിടപറയാൻ സഭയ്‌ക്ക് അവസരം ലഭിക്കാത്തതിൽ എനിക്ക് വേദനയുണ്ട്. മുഴുവൻ പ്രതിപക്ഷത്തിന്റെയും പേരിൽ, അദ്ദേഹത്തിന് ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നു.” എന്നാണ് ഖാർഗെ പറഞ്ഞത്.
ഇതിന് മറുപടിയായി “സ്വാഗത ചടങ്ങിന്റെ മാന്യത നമ്മൾ നിലനിർത്തണം “ എന്ന് ജെപി നദ്ദ പറഞ്ഞു . ‘ അങ്ങനെയെങ്കിൽ അദ്ദേഹത്തിനെതിരെ (ധൻഖർ) രണ്ടുതവണ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും. നമ്മുടെ പ്രതിപക്ഷ നേതാക്കൾ വളരെ മാന്യരാണെന്ന് ഞാൻ കരുതുന്നു. ബീഹാർ, ഹരിയാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ തോൽവികൾ നിങ്ങൾക്ക് വലിയ വേദനയുണ്ടാക്കി. നിങ്ങളുടെ വേദന ഒരു ഡോക്ടറോടാണ് പറയേണ്ടത് ‘ എന്നും നദ്ദ പറഞ്ഞു.












