ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെത്തുടർന്ന്, ഇന്ത്യൻ സൈന്യം അടുത്തിടെ രാജസ്ഥാനിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി-ബാരൽ റോക്കറ്റ് വിക്ഷേപണ സംവിധാനത്തിന്റെ ലൈവ് ഫയറിംഗ് ഡ്രിൽ നടത്തി.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക തയ്യാറെടുപ്പിന്റെ ശക്തമായ സന്ദേശമായാണ് ഇതിനെ കാണുന്നത്. ഇപ്പോഴിതാ പിനാക ആവശ്യപ്പെട്ട് എത്തിയിരുക്കുകയാണ് ഫ്രാൻസ് . ഇന്ത്യ ഇതിനകം തന്നെ ഇത് അർമേനിയയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്, ഫ്രാൻസുമായുള്ള സാധ്യതയുള്ള കരാറും ചർച്ചയിലാണ്.ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധവിതരണക്കാരായ ഫ്രാൻസ് ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത്.
ശിവന്റെ പുരാണ വില്ലായ പിനാകയുടെ പേരാണ് ഈ റോക്കറ്റ് സംവിധാനത്തിന് നൽകിയിരിക്കുന്നത്. ഇതിന്റെ മൾട്ടി-ബാരൽ രൂപകൽപ്പന ഒരേസമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കും വിധമാണ് . ഡിആർഡിഒ , ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ലാർസൻ & ട്യൂബ്രോ തുടങ്ങിയ കമ്പനികൾ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഇത് വികസിപ്പിച്ചെടുത്തത്.
പിനാകയുടെ മുഖമുദ്ര അതിന്റെ വേഗതയാണ്. ഇതിന് വെറും 44 സെക്കൻഡുകൾക്കുള്ളിൽ 12 തവണ വരെ റോക്കറ്റുകൾ ലോഞ്ച് ചെയ്യാനാകും.ഏകദേശം 60 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഇതിന് കഴിയും. ഇതിന്റെ നവീകരിച്ച പതിപ്പായ പിനാക MK-II ER ന് 90 കിലോമീറ്റർ ദൂരപരിധിയുണ്ട്, 150 കിലോമീറ്ററിലധികം ദൂരപരിധിയുള്ള പുതിയ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
പിനാക റോക്കറ്റുകളിൽ ജിപിഎസ് അധിഷ്ഠിത ഗൈഡഡ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, അവയ്‌ക്ക് മാക് 4.7 വേഗത, അതായത് മണിക്കൂറിൽ ഏകദേശം 5,800 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, അതിനാൽ അവയെ തടസ്സപ്പെടുത്താനുമാകില്ല.
ഇന്ത്യൻ സൈന്യത്തിന് നിലവിൽ നാല് പിനാക റെജിമെന്റുകൾ വിന്യസിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ ആറ് അധിക റെജിമെന്റുകൾ രൂപീകരണത്തിലുമാണ്. യുദ്ധത്തിൽ, കുറഞ്ഞ സമയത്തിനുള്ളിൽ ദുർബലമായ ശത്രു പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തുക എന്നതാണ് പിനാകയുടെ ധർമ്മം.
















