ചെന്നൈ: വേര്‍പിരിഞ്ഞ ഭാര്യയെ താമസസ്ഥലത്തെത്തി ക്രൂരമായി വെട്ടിക്കൊന്ന ഭർത്താവ്, മൃതദേഹത്തിനൊപ്പമുള്ള ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ചു. തിരുനെല്‍വേലി സ്വദേശിയായ എസ്. ബാലമുരുഗന്‍(32) ആണ് ഭാര്യ ശ്രീപ്രിയ(30)യെ കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തി കൊലപ്പെടുത്തിയത്.
‘വഞ്ചനയ്‌ക്കുള്ള പ്രതിഫലം മരണം’ എന്ന കുറിപ്പോടെയാണ് പ്രതി ചിത്രം സ്റ്റാറ്റസാക്കിയതെന്നും പോലീസ് പറഞ്ഞു. അകന്ന ബന്ധുവുമായുള്ള ഭാര്യയുടെ അടുപ്പമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ശ്രീപ്രിയ. ഞായറാഴ്ച ശ്രീപ്രിയയെ കാണാന്‍ ബാലമുരുഗന്‍ ഹോസ്റ്റലില്‍ എത്തിയിരുന്നു.
കൂടിക്കാഴ്ചയ്‌ക്കിടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ സമയത്ത് ബാലമുരുഗന്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച അരിവാള്‍ കൊണ്ട് ശ്രീപ്രിയയെ വെട്ടുകയായിരുന്നു. ആക്രമിക്കാന്‍ തീരുമാനിച്ചു തന്നെയാണ് ബാലമുരുഗന്‍ എത്തിയതെന്നാണ് പോലീസ് നിഗമനം. ശ്രീപ്രിയ സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. കൊലപാതകം അറിഞ്ഞ് ഹോസ്റ്റലിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയപ്പോഴും ബാലമുരുഗന്‍ മൃതദേഹത്തിനരികില്‍ പോലീസ് എത്തുന്നത് വരെ കാത്തിരിക്കുകയായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയ സംഭവം തമിഴ്‌നാട്ടില്‍ പുതിയ രാഷ്‌ട്രീയ സംവാദത്തിന് വഴി തെളിച്ചു. സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
















