മുംബൈ: മകളുടെ കാമുകനെ വെടിവെച്ച് കൊന്ന് കുടുംബം. കാമുകന്റെ മൃതദേഹത്തെ യുവതി വിവാഹം ചെയ്തു. മഹാരാഷ്‌ട്രയിലെ നാന്ദേഡിലാണ് ദൂരഭിമാനക്കൊല നടന്നത്. സക്ഷം ടേറ്റ് (20) എന്ന യുവാവിനെയാണ് കാമുകിയായ ആഞ്ചലിന്റെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
ഇതിനു പിന്നാലെ ആഞ്ചല്‍, സക്ഷം ടേറ്റിന്റെ വീട്ടിലെത്തി സംസ്‌കാരച്ചടങ്ങുകള്‍ക്ക് ഇടയില്‍ മൃതദേഹത്തില്‍ മാല ചര്‍ത്തി. നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയതിന് ശേഷം ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടില്‍ അവന്റെ വിധവയായി ജീവിക്കുമെന്നും പറഞ്ഞു.
‘സക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ പ്രണയം വിജയിച്ചു, എന്റെ അച്ഛനും സഹോദരന്മാരും പരാജയപ്പെട്ടു’ എന്നാണ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആഞ്ചല്‍ പ്രതികരിച്ചത്.
മൂന്ന് വര്‍ഷമായി ഇരുവരും അടുപ്പത്തിലായിട്ട്. അഞ്ചലിന്റെ സഹോദരന്മാര്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. എന്നാല്‍ പ്രണയ ബന്ധം വീട്ടില്‍ അറിയുകയും ജാതി വ്യത്യാസം പറഞ്ഞ് എതിര്‍ക്കുകയുമായിരുന്നു. ഇത് അവഗണിച്ച് ഇരുവരും വിവാഹം കഴിക്കാന്‍ പോകുകയാണെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് സക്ഷം ടേറ്റിനെ ആഞ്ചലിന്റെ അച്ഛനും സഹോദരന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ആഞ്ചലിന്റെ അമ്മ ജയശ്രീ, ടേറ്റിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ പങ്കുള്ള ആറു പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















