പത്തനംതിട്ട: ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് തടയാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായി ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു അറിയിച്ചു.
പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇത് അനാചാരമാണെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്നും തടയണമെന്നും നിര്‍ദേശിച്ചിരുന്നു.
വസ്ത്രങ്ങള്‍ നീക്കുന്നതിന് കരാറെടുക്കാന്‍ ആളെ കിട്ടാത്ത സ്ഥിതിയുണ്ടെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു. ദിവസവും നൂറോളം തൊഴിലാളികളെവെച്ചാണ് ഇപ്പോള്‍ വസ്ത്രങ്ങള്‍ നദിയില്‍നിന്ന് ശേഖരിക്കുന്നത്. നേരത്തേതന്നെ 80 ജീവനക്കാരെ ഇത് തടയാനായി നിയോഗിച്ചിരുന്നു. അത് വേണ്ടത്ര വിജയിച്ചില്ല. ഇത്തവണ മേല്‍നോട്ടത്തിനായി 15 പേരെക്കൂടി നിയോഗിക്കും. അവര്‍ക്ക് മെഗഫോണുകളും നല്‍കും. ഓരോ 750 മീറ്ററിലും ഇവരുടെ മേല്‍നോട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2.80 ലക്ഷം രൂപയ്‌ക്കാണ് തമിഴ്നാട്ടുകാരനായ ഷുക്കൂര്‍ പാണ്ഡ്യന് വസ്ത്രങ്ങള്‍ നീക്കാനുള്ള കരാര്‍ നല്‍കിയിട്ടുള്ളത്.
















