കമല്‍ഹാസന്‍ ബംഗാളി പഠിച്ചത് നടി അപര്‍ണ സെന്നിനോടുള്ള പ്രണയം കാരണമാണെന്ന് മകള്‍ ശ്രുതി ഹാസന്‍ പറഞ്ഞത് നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ ശ്രുതിയുടെ വാക്കുകള്‍ സമ്മതിക്കുകയാണ് കമല്‍ഹാസന്‍. മനോര ഹോര്‍ത്തൂസില്‍ സംസാരിക്കവെയാണ് കമല്‍ഹാസന്‍ അപര്‍ണ സെന്നിനോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് സമ്മതിച്ചത്.
ഭാഷകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍. വേദിയില്‍ കമല്‍ഹാസനൊപ്പം മഞ്ജു വാര്യരുമുണ്ടായിരുന്നു. അപര്‍ണ സെന്നിനോടുള്ള പ്രണയത്താലാണ് ബംഗാളി ഭാഷ പഠിച്ചത് എന്ന് കമലഹാസന്‍ സമ്മതിച്ചു. എന്നാല്‍ പ്രണയിക്കാന്‍ ഭാഷ പഠിക്കേണ്ടതില്ലെന്നും അപര്‍ണ വളരെ നല്ല കലാകാരി ആണെന്നും, അവരോട് എന്നും പ്രണയമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. അത് അവരുടെ സൗന്ദര്യം കണ്ടല്ല, അവരുടെ ബുദ്ധിയോടും കലയോടുമാണെന്നുമാണ് കമല്‍ പറഞ്ഞത്.
നേരത്തെ കൂലിയുടെ പ്രെമോഷന്റെ ഭാഗമായി നടന്‍ സത്യരാജിനൊപ്പം പങ്കെടുത്ത ടോക്ക് ഷോയിലാണ് ശ്രുതി അച്ഛനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒന്നിലധികം ഭാഷകള്‍ അറിയുമെന്നതില്‍ ശ്രുതിയെ അഭിനന്ദിക്കുകയായിരുന്നു സത്യരാജ്. ഇത് നിനക്ക് അച്ഛനില്‍ നിന്നും കിട്ടിയ ഗുണമാണെന്നും അദ്ദേഹം ബംഗാളി പഠിച്ചാണ് ബംഗാളി സിനിമയില്‍ അഭിനയിച്ചതെന്നും സത്യരാജ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ അത് അങ്ങനെയല്ലെന്നും അച്ഛന്‍ ബംഗാളി പഠിച്ചതിന് പിന്നില്‍ മറ്റൊരു കഥയുണ്ടെന്നുമാണ് ശ്രുതി പറഞ്ഞത്.
‘അദ്ദേഹം എന്തിനാണ് ബംഗാളി പഠിച്ചതെന്ന് അറിയുമോ? ആ സമയത്ത് അദ്ദേഹത്തിന് അപര്‍ണ സെന്നിനോട് പ്രണയമായിരുന്നു. അവരെ ഇംപ്രസ് ചെയ്യിക്കാനാണ് അദ്ദേഹം ബാംഗാളി പഠിച്ചത്. അല്ലാതെ സിനിമയ്‌ക്ക് വേണ്ടിയൊന്നുമല്ല” എന്നാണ് ശ്രുതി പറഞ്ഞത്. പിന്നീട് കമല്‍ ഹേ റാം എന്ന സിനിമയില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തിന് അപര്‍ണ എന്ന് പേരിട്ടതും അവരെ ബംഗാള്‍ സ്വദേശിയാക്കിയതുമെല്ലാം അപര്‍ണ സെന്നിനോടുള്ള പ്രണയം മൂലമാണെന്നും ശ്രുതി പറയുന്നുണ്ട്.
















