യുദ്ധങ്ങളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടിപ്പു സുല്‍ത്താനെ കേരളത്തില്‍ വച്ചു രണ്ട് തവണ പരാജയപ്പെടുത്തിയ വൈക്കത്തിന്റെ ധീര പുത്രനാണ് വൈക്കം പത്മനാഭ പിള്ള. 1767 നവംബര്‍ 29 നു കൊല്ലവര്‍ഷം 943 വൃശ്ചിക മാസത്തില്‍ പൂരം നക്ഷത്രത്തില്‍ വൈക്കം കണ്ണെഴുത്തു വീട്ടില്‍ ചെമ്പക രാമന്‍ പിള്ളയുടെയും ഭഗവതി അമ്മയുടെയും മൂത്ത പുത്രനായി വൈക്കം പത്മനാഭ പിള്ള ജനിച്ചു. കണ്ണെഴുത്തു വീട് സ്ഥിതി ചെയ്തിരുന്നത് വൈക്കം മടിയത്രയില്‍ ആയിരുന്നു.
ദക്ഷിണ ഭാരതത്തില്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്തു തിരുവിതാംകൂറിലേക്ക് ടിപ്പു എത്തുമെന്ന സന്ദേശം അന്ന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന കാര്‍ത്തിക തിരുന്നാളിന് ലഭിച്ചു. ടിപ്പുവിന്റെ പകുതി സൈനിക ബലം പോലുമില്ലാത്ത തിരുവിതാംകൂറിനു ടിപ്പുവിനോട് നേരിട്ട് യുദ്ധം ചെയ്ത് പിടിച്ചു നില്‍ക്കുക എളുപ്പമല്ലെന്നു മനസ്സിലാക്കിയ മഹാരാജാവ് അന്നത്തെ ദളവ രാജാ കേശവദാസുമായി കൂടിയാലോചന നടത്തി. ടിപ്പു ആലുവാ ഭാഗത്തു കൂടി തിരുവിതാംകൂറില്‍ പ്രവേശിക്കാന്‍ സാധ്യത ഉണ്ടെന്നു മനസിലാക്കിയ രാജാ കേശവദാസ് ചില മുന്നൊരുക്കങ്ങളുമായി വൈക്കത്തേക്ക് പുറപ്പെട്ടു.
വൈക്കത്ത് എത്തിയ അദ്ദേഹം അന്ന് നന്ത്യാട്ടു കളരിയുടെ കൊച്ചാശാന്‍ ആയ വൈക്കം പത്മനാഭ പിള്ളയെ കാണുകയും കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. കേവലം ഇരുപത്തിരണ്ട് വയസുള്ള പത്മനാഭ പിള്ള ഈ ഉദ്യമം ധൈര്യപൂര്‍വ്വം ഏറ്റെടുത്തു. 1789 ഡിസംബര്‍ 29നു ടിപ്പു സുല്‍ത്താനും സൈന്യവും ആലുവയ്‌ക്ക് അപ്പുറത്ത് നെടുങ്കോട്ട കീഴടക്കി. നേരം സന്ധ്യയോട് അടുത്തപ്പോള്‍ അവിടെ വിശ്രമിക്കാന്‍ തീരുമാനിച്ചു. അര്‍ദ്ധ രാത്രിയോടെ ഒരു മിന്നാലാക്രമണമുണ്ടായി. ടിപ്പുവും സൈന്യവും വിരണ്ടു പോയി.
വൈക്കം പത്മനാഭ പിള്ള എന്ന ധീര യുവാവിന്റെ നേതൃത്വത്തില്‍, ഇരുപതു പേര്‍ മാത്രം അടങ്ങുന്ന ഒരു സംഘം നടത്തിയ ആക്രമണം ആയിരുന്നു അത്. പതറിപ്പോയ ടിപ്പുവിന്റെ സൈന്യം പല വഴി പരക്കം പാഞ്ഞു. പൊരുതി നില്‍ക്കന്‍ ശ്രമിച്ച ടിപ്പു കാലില്‍ വെട്ടേറ്റു വീണു. ടിപ്പുവിനരികില്‍ എത്തിയ പത്മനാഭ പിള്ള അദ്ദേഹത്തിന്റെ ഉടവാളും, തലപ്പാവും, അരപ്പട്ടയും ഊരിയെടുത്തു. നേതാവ് വീണതോടെ സൈന്യം പലവഴി ചിതറിയോടുകയും ചെയ്തു. ടിപ്പുവിന്റ ഉടവാളും, ചുരികയും,തലപ്പാവും, അരപ്പട്ടയും ദളവ രാജാ കേശവദാസ് വഴി തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുന്നാളിന് സമര്‍പ്പിച്ചു. ടിപ്പുവിന് മേല്‍ തിരുവിതാംകൂര്‍ നേടിയ യുദ്ധ വിജയത്തിന്റെ ഓര്‍മയ്‌ക്കായ് ഡിസംബര്‍ 29 നെടുങ്കോട്ട യുദ്ധ വിജയമായി ആഘോഷിക്കുന്നു.
അടങ്ങാത്ത പ്രതികാര ദാഹവുമായി ടിപ്പു വീണ്ടും യുദ്ധത്തിനു വന്നു. 1790 ഏപ്രില്‍ 15നു വീണ്ടും നെടുങ്കോട്ട ആക്രമിച്ചു. എതിര്‍ത്തു നില്‍ക്കാന്‍ ശ്രെമിച്ച തിരുവിതാംകൂര്‍ സൈന്യത്തെ കീഴടക്കി നെടുങ്കോട്ട കടന്ന് ആലുവ വരെയെത്തി. വിജയ ലഹരിയില്‍ ടിപ്പു പ്രഖ്യാപിച്ചു ‘ പത്മനാഭന്റെ കൊടി മരത്തില്‍ ഞാനെന്റെ കുതിരയെ കെട്ടും.’
ആലുവ മണപ്പുറത്ത് എത്തിയ ടിപ്പുവും കൂട്ടരും അന്നവിടെ വിശ്രമിച്ചു. തിരുവിതാംകൂര്‍ സൈന്യത്തെ പരാജയപ്പെടുത്തി എങ്കിലും പത്മനാഭ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു ചെറു സൈന്യം രഹസ്യമായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവര്‍ ഭൂതത്താന്‍ കെട്ട് അണക്കെട്ടില്‍ എത്തിച്ചേരുകയും പത്മനാഭ പിള്ളയുടെ നേതൃത്വത്തില്‍ അണക്കെട്ട് തകര്‍ക്കുവാനുള്ള പണികള്‍ തുടങ്ങുകയും ചെയ്തു. അര്‍ദ്ധ രാത്രിയോടെ അണക്കട്ട് തകര്‍ന്നു. തുള്ളിപ്പാഞ്ഞു വന്ന ജലം പെരിയാറിലേക്ക് ഒഴുകിയെത്തി. കവിഞ്ഞൊഴുകി പെരിയാര്‍ ആലുവ മണപ്പുറത്തേക്ക് എത്തി. ഒരു വിധത്തില്‍ ടിപ്പുവും കുറച്ചു സൈന്യവും നീന്തി രക്ഷപ്പെട്ടു. എന്നാല്‍ തോക്കുകളിലും പീരങ്കികളിലും ഉപയോഗിക്കേണ്ട വെടി മരുന്നുകളും, പടക്കോപ്പുകളും, കുറെ സൈനികരും പ്രളയത്തില്‍ മുങ്ങി. പിന്നീട് തിരുവിതാംകൂര്‍ ആക്രമിക്കാന്‍ ടിപ്പു വന്നിട്ടില്ല.
‘പത്മനാഭന്റെ കൊടി മരത്തില്‍ എന്റെ കുതിരയെ കെട്ടും ‘ എന്ന് പറഞ്ഞു വന്ന ടിപ്പുവിനെ 1790 മെയ് 8 നാണ് വൈക്കം പത്മനാഭപിള്ളയും സംഘവും പരാജയപ്പെടുത്തി മടക്കി അയച്ചത്. ആ ദിനം രണ്ടാം നെടുങ്കോട്ട യുദ്ധ വിജയം ആയി ആഘോഷിക്കപ്പെടുന്നു. വൈക്കം പത്മനാഭ പിള്ള തെക്കന്‍ കേരളത്തിലേക്കുള്ള ടിപ്പുവിന്റെ പടയോട്ടം തടഞ്ഞു നിര്‍ത്തിയ വന്‍ മതില്‍ ആയിരുന്നു.
1808ല്‍ ബ്രിട്ടീഷ് റെസിഡന്റ് മെക്കാളെയുമായി അന്നത്തെ തിരുവിതാംകൂര്‍ ദളവ വേലുത്തമ്പി ഇടഞ്ഞു. അതിനു കാരണം ഭരണ കാര്യങ്ങളില്‍ അനാവശ്യമായി മെക്കാളെ ഇടപെടുന്നതായിരുന്നു. ഇത് അവര്‍ തമ്മില്‍ വലിയ വൈരത്തിന് കാരണമായി. അങ്ങനെ മെക്കാളെയെ വധിക്കാന്‍ തന്റെ വിശ്വസ്തനായ വൈക്കം പത്മനാഭ പിള്ളയുമായി വേലുത്തമ്പി പദ്ധതി തയ്യാറാക്കി. വേലുത്തമ്പി ദളവയുടെ നിര്‍ദേശം അനുസരിച്ചാണ് ബോള്‍ഗാട്ടി പാലസ് ആക്രമണം നടത്തിയത്. ഈ പടയൊരുക്കം വൈക്കം പത്മനാഭ പിള്ളയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ അവര്‍ എത്തുന്നതിനു മുന്‍പ് മെക്കാളെ രക്ഷപെട്ടു. മെക്കാളെയെ വധിക്കുവാന്‍ കഴിഞ്ഞില്ല എങ്കിലും ബോള്‍ഗാട്ടി പാലസ് അവര്‍ തകര്‍ത്തു. പത്മനാഭപിള്ളയുടെ പ്രതിമ നിലകൊള്ളുന്ന വൈക്കം ഗാന്ധി സ്മൃതി ഭവനില്‍ ഇന്ന് ജന്മദിന ആഘോഷം നടക്കും.
















