ഇടുക്കി: മൂന്നാറിന് സമീപം ആനച്ചാലിലെ സ്കൈ ഡൈനിങ്ങിൽ സാങ്കേതിക തകരാർ മൂലം കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂറിലധികമായി 120 അടി ഉയരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന സഞ്ചാരികളെയാണ് ഇപ്പോൾ താഴെയിറക്കിയത്.
സംഭവസമയത്ത് കുട്ടികളടക്കം ആകെ അഞ്ച് പേരാണ് സ്കൈ ഡൈനിങ്ങിൽ ഉണ്ടായിരുന്നത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന സാഹസിക വിനോദസഞ്ചാര പദ്ധതിയായ സ്കൈ ഡൈനിങ് ഉയർത്താൻ ഉപയോഗിക്കുന്ന ക്രെയിനിന്റെ സാങ്കേതിക തകരാറാണ് പ്രശ്‌നമായതെന്ന് അധികൃതർ അറിയിച്ചു. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഈ സംവിധാനത്തിലുള്ളത്.
















