ഫരീദാബാദ് : ദൽഹി ബോംബ് സ്ഫോടന കേസിലെ പ്രതിയായ ഡോ. മുസമ്മിലിന്റെ ഭാര്യ ഡോ. ഷഹീനിനെ എൻഐഎ ഫരീദാബാദിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നിരവധി പ്രധാന സ്ഥലങ്ങളിൽ അവരുമായി അന്വേഷണ സംഘം പരിശോധനകൾ നടത്തി. അൽ-ഫലാഹ് മെഡിക്കൽ യൂണിവേഴ്സിറ്റി ഹോസ്റ്റൽ, മെഡിക്കൽ വാർഡ്, ക്ലാസ് മുറികൾ എന്നിവയുൾപ്പെടെ നിരവധി സെൻസിറ്റീവ് സ്ഥലങ്ങളിലേക്ക് എൻഐഎ സംഘം ഡോ. ഷഹീനെ കൊണ്ടുപോയി. തെളിവെടുപ്പിൽ 22-ാം നമ്പർ മുറി മുതൽ ഷഹീൻ അവരുട എല്ലാ ബന്ധങ്ങളും പ്രവർത്തനങ്ങളും തിരിച്ചറിഞ്ഞു.
തുടർന്ന് അന്വേഷണ ഏജൻസി ഷഹിനെ , ഖോരി ജമാൽ പുരിലേക്കും കൊണ്ടുപോയി, അവിടെയാണ് യുവതിയും മുസമ്മിലും വിവാഹിതരായത്. ഏകദേശം നാല് മണിക്കൂർ നീണ്ടുനിന്ന ഈ തെളിവെടുപ്പിൽ ഭീകര ശൃംഖലയിലെ കൂടുതൽ ബന്ധങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി പ്രധാന സൂചനകൾ എൻഐഎ ശേഖരിച്ചു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അന്വേഷണ സംഘം ഡോ. ഷഹീനെ ദൽഹിയിലേക്ക് തിരികെ കൊണ്ടു പോയി.
നേരത്തെ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിൽ ഡോ. മുസമ്മിൽ അഹമ്മദ് ഗനായ് വലിയ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ കമാൻഡർ ഷഹീൻ ഷാഹിദ് തന്റെ കാമുകിയല്ല, ഭാര്യയാണെന്നാണ് മുസമ്മിൽ പറഞ്ഞത്. ഇതുവരെ ഡോ. മുസമ്മിലും ഡോ. ഷഹീനും പരസ്പരം പ്രണയത്തിലായിരുന്നുവെന്ന് വിശ്വസിച്ചിരുന്നു, എന്നാൽ മുസമ്മിലിന്റെ വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചു. ഇരുവരും ദമ്പതികളാണെന്നും 2023 സെപ്റ്റംബറിൽ അൽ-ഫലാഹ് സർവകലാശാലയ്‌ക്ക് സമീപമുള്ള ഒരു പള്ളിയിൽ വെച്ചാണ് അവരുടെ ‘നിക്കാഹ്’ നടന്നതെന്നും മുസമ്മിൽ അവകാശപ്പെട്ടു. ശരിയ നിയമമനുസരിച്ച് വിവാഹത്തിന് 5,000-6,000 രൂപയുടെ മഹർ നൽകിയെന്നും മുസമ്മിൽ പറഞ്ഞിരുന്നു.
മുസമ്മിലിന്റെ രണ്ട് ഒളിത്താവളങ്ങൾ കൂടി കണ്ടെത്തി
എൻഐഎയുടെയും ഹരിയാന പോലീസിന്റെയും സംയുക്ത അന്വേഷണ സംഘങ്ങൾ ഇപ്പോൾ അൽ-ഫലാഹ് സർവകലാശാലയിലെ പ്രൊഫസറായ മുസമ്മിലിന്റെ രണ്ട് ഒളിത്താവളങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വച്ചാണ് കാറുകളിൽ സ്ഥാപിക്കാൻ ഐഇഡികൾ തയ്യാറാക്കുകയും 2,600 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഒളിപ്പിക്കുകയും ചെയ്തത്. സർവകലാശാല കാമ്പസിനോട് ചേർന്നുള്ള ഒരു പള്ളിക്ക് പിന്നിലെ ഒരു വയലിലെ ഒരു ഷെഡിൽ മുസമ്മിൽ 12 ദിവസത്തേക്ക് വലിയ അളവിൽ അമോണിയം നൈട്രേറ്റ് ഒളിപ്പിച്ചുവെച്ചതായി അന്വേഷണത്തിൽ എൻ ഐ എ കണ്ടെത്തുകയായിരുന്നു.
















