റെയ്സൺ : മധ്യപ്രദേശിലെ ഗൗഹർഗഞ്ചിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സൽമാനെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ഭോപ്പാലിൽ നിന്ന് പിടികൂടിയ ഇയാളെ കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം പഞ്ചറായി. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കാലിൽ വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ഇന്നലെ രാത്രി വൈകിയാണ് റെയ്സൺ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ കിരാത് നഗറിൽ കാറിന്റെ ടയർ പഞ്ചറായതായി. തുടർന്ന് പ്രതിയായ സൽമാൻ രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ഇയാൾ വെടിയുതിർത്തു. പ്രതികരണമെന്നോണം പോലീസ് സൽമാന്റെ കാലിൽ വെടിവച്ചു കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ പിടികൂടിയെന്നും കഠിനമായ ശിക്ഷ ലഭിക്കുമെന്നും സംസ്ഥാന മന്ത്രി നരേന്ദ്ര ശിവാജി പട്ടേൽ എക്‌സിൽ എഴുതി.
അതേ സമയം കുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതിയായ സൽമാൻ ഭോപ്പാലിലെ ഗാന്ധി നഗറിൽ ഒളിച്ചിരിക്കുകയായിരുന്നു. കാട്ടിലൂടെയാണ് ഭോപ്പാലിൽ എത്തിയതതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇയാളുടെ അറസ്റ്റിനെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ രാത്രിയിൽ ഹിന്ദു സംഘടനകളുടെ ആളുകൾ പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. സൽമാനെ തങ്ങൾക്ക് കൈമാറണമെന്ന് ആളുകൾ ആവശ്യപ്പെട്ടു. തുടർന്ന് പോലീസ്, കാലിന് വെടിയേറ്റ ഇയാൾക്ക് ചികിത്സ നൽകിയ ശേഷം കോടതിയിൽ ഹാജരാക്കി.
















